
ഇന്ത്യയിൽ 5 പുതിയ ഷോറൂമുകൾ
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ആഗോളതല വികസനത്തിന്റെ ഭാഗമായി ഇന്ത്യയിൽ തുറക്കുന്ന അഞ്ചു പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം വരും ദിവസങ്ങളിൽ നടക്കും. ഇവയ്ക്ക് പുറമേ, യു.എ.ഇയിൽ രണ്ടും സിംഗപ്പൂർ, മലേഷ്യ, ഒമാൻ എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകളും തുറക്കും.
ലോകത്തെ ഒന്നാമത്തെ വലിയ ജുവലറി ഗ്രൂപ്പായി മാറുകയാണ് വികസനത്തിലൂടെ ലക്ഷ്യമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കർണാടകയിലെ കമ്മനഹള്ളി, മഹാരാഷ്‌ട്രയിലെ താനെ, ഡൽഹിയിലെ ദ്വാരക, ഉത്തർപ്രദേശിലെ ലക്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ. ഇവയ്ക്കായി മാത്രം 200 കോടി രൂപയാണ് മുതൽമുടക്കുന്നത്.
അഞ്ചുവർഷത്തിനകം നിലവിലെ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കി 750ൽ എത്തിക്കാനുള്ള പദ്ധതിക്ക് മലബാർ ഗോൾഡ് രൂപംനൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വികസന പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഇന്ത്യയിലും വിദേശത്തും പുതിയ ഷോറൂമുകൾ തുറക്കും. ഉപഭോക്താക്കളുടെ താത്പര്യാർത്ഥം ഇന്ത്യയിലെങ്ങും സ്വർണത്തിന് ഒറ്റവില ഉറപ്പാക്കുന്ന 'വൺ ഇന്ത്യ വൺ റേറ്റ് പദ്ധതി" മലബാർ ഗോൾഡ് നടപ്പാക്കിയിരുന്നു.
സ്വർണാഭരണ വില്പനരംഗത്ത് 27 വർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡിന് 10 രാജ്യങ്ങളിലായി 270ലേറെ ഷോറൂമുകളുണ്ട്. ആഭരണനിർമ്മാണ രംഗത്തും സാന്നിദ്ധ്യം ശക്തമാണ്. കൊൽക്കത്ത, ഹൈദരാബാദ്, മുംബയ്, ബംഗളൂരു, കോയമ്പത്തൂർ, യു.എ.ഇ., സൗദി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലാണ് ആഭരണ നിർമ്മാണ യൂണിറ്റുകൾ.