
വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വിവിധ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമം 100 ദിവസത്തിനുള്ളിൽ പാസാക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. “ആദ്യ 100 ദിവസത്തിനുള്ളിൽ ട്രംപ് ഭരണകൂടം എതിർത്ത തുല്യതാ നിയമം പാസാക്കുന്നതിന് മുഖ്യപരിഗണന നൽകും” -ഫിലാഡെൽഫിയ ഗേ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു.
ലൈംഗികസ്വത്വത്തെയും ലിംഗസ്വത്വത്തെയും അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ ഒഴിവാക്കുന്നതാണ് തുല്യതാനിയമം. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യു.എസ്. പ്രതിനിധിസഭ 2019ൽ നിയമത്തിന് അംഗീകാരം നൽകി. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സെനറ്റ് നിയമനിർമാണം തടസപ്പെടുത്തിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കേ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് ട്രംപും ബൈഡനും. അതേസമയം, ഭൂരിഭാഗം സർവേകളിലും ബൈഡനാണ് മൂൻതൂക്കം.