
തായ്‌പെയ് : ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ക്ഡൗണിലേക്ക് മടങ്ങുകയാണ്. യു.എസിൽ കൊവിഡ് 19 കേസുകൾ വീണ്ടും കുത്തനെ കൂടുന്നു. അതേ സമയം, അങ്ങ് തായ്‌വാനിലെ സ്ഥിതി ഇതല്ല. പ്രാദേശിക കേസുകളൊന്നുമില്ലാത്ത 200 ദിനങ്ങൾ വിജയകരമായി പിന്നിട്ടിരിക്കുകയാണ് തായ്‌വാൻ. ഏപ്രിൽ 12നാണ് അവസാനമായി ഇവിടെ പ്രാദേശിക കേസ് റിപ്പോർട്ട് ചെയ്തത്. വൈറസിന്റെ രണ്ടാം തരംഗവും ഉണ്ടായിട്ടില്ല. തായ്‌വാനിൽ പ്രാദേശിക കൊവിഡ് കേസുകൾ ഇല്ലാത്ത 201 ാമത്തെ ദിവസമാണിന്ന്.
23 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ദ്വീപ് രാഷ്ട്രമായ ഇവിടെ 553 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 7 പേരാണ് മരിച്ചത്. വളരെ നേരത്തെ അതിർത്തികൾ അടച്ചതും ശക്തമായ കൊവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാൻ സാധിച്ചതുമാണ് ഈ വിജയത്തിന്റെ രഹസ്യം. മുമ്പ് 2003ൽ സാർസ് ( SARS ) രോഗം പൊട്ടിപ്പുറപ്പെട്ട അനുഭവം തായ്‌വാനിലെ ജനങ്ങൾക്ക് മറക്കാനാകാത്തതിനാൽ കൊവിഡിനെ ചെറുക്കാൻ അവരുടെ ഭാഗത്ത് നിന്നും പൂർണ പങ്കാളിത്തമുണ്ടായി.
പ്രാദേശിക സമ്പർക്കം ഇല്ലെങ്കിലും കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്ക് തായ്‌വാനിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിദേശത്ത് നിന്നെത്തിയ 20ലേറെ പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം, മറ്റ് ലോക രാജ്യങ്ങളിൽ ആദ്യത്തേതിൽ നിന്നും ശക്തമായി കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചിരിക്കുകയാണ്. യു.എസിൽ കഴിഞ്ഞ ദിവസം 86,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.