
മസ്‌കറ്റ്: വിദേശികളുടെ തൊഴിൽ വിസ ഫീസ് ഒമാൻ വർദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.
അടുത്തവർഷം മുതൽ അഞ്ച് ശതമാനം വർദ്ധനവാണ് ഉണ്ടാകുകയെന്നാണ് തൊഴിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തത്.
നിലവിൽ 300 റിയാലാണ് വിദേശികളുടെ തൊഴിൽ വിസയ്‌ക്കായി ഈടാക്കുന്നത്. പുതിയ നിരക്ക് പ്രകാരം 315 രൂപയാകും ഒരാൾ നൽകേണ്ടി വരുക. ഫീസ് പുതിയതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിഞ്ഞ് പുതുക്കുന്നതിനും അധിക ഫീസ് നൽകേണ്ടി വരും. ഈ തുക സ്വദേശി തൊഴിലാളികൾക്കായി പുതിയതായി രൂപീകരിച്ച തൊഴിൽ സുരക്ഷാ സംവിധാനത്തിലേക്ക് മാറ്റിവെക്കും.
വീടുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ, വീട്ട് ജോലിക്കാർ, തോട്ടക്കാർ എന്നീ തസ്‌തികകളിലേക്കുള്ള തൊഴിൽ പെർമിറ്റുകൾ, മറ്റ് പ്രത്യേക തൊഴിൽ പെർമിറ്റുകൾ എന്നിവയ്‌ക്ക് ഇത് ബാധകമല്ല. സ്വന്തം കാരണത്താലല്ലാതെ ജോലി നഷ്‌ടപ്പെട്ട സ്വദേശികൾക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ് സുരക്ഷാ സംവിധാനത്തിന്റെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. നവംബർ ഒന്നിന് ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.