
ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നതിനായി പ്രത്യേക സമിതികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. വാക്സിൻ വിതരണം സുഗമമാക്കാനും ആരോഗ്യരംഗത്തെ മറ്റുപ്രവർത്തനങ്ങൾ തടസപ്പെടാതെ വിതരണ നടപടികൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് സമിതികൾ രൂപീകരിക്കുക. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി (എസ്.എസ്.സി), അഡീഷൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന കർമസമിതി (എസ്.ടി.എഫ്), ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ കർമസമിതി (ഡി.ടി.എഫ്.) എന്നിവ രൂപവത്കരിക്കാനാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
വാക്സിൻ നിർമാണം പൂർത്തിയായാലും രാജ്യം മുഴുവൻ ഇത് വിതരണം ചെയ്യാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്.ആരോഗ്യപ്രവർത്തകർ, മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഘട്ടംഘട്ടമായി ആയിരിക്കും വാക്സിൻ വിതരണം ചെയ്യുക. ഇത് സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനായാണ് സംസ്ഥാന-ജില്ലാ തല സമിതികൾ രൂപീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുക, വിതരണ ശൃംഖലകൾ തയ്യാറാക്കുക, ഓരോ പ്രദേശങ്ങളിലെയും യാത്രാബുദ്ധിമുട്ടുകൾ കണ്ടെത്തി പരിഹാരം കാണുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം.