wuhan

ബീജിംഗ് : ലോകം മുഴുവൻ കൊവിഡ് 19ന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ് എല്ലാവരും. പക്ഷേ, കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സ്ഥിതി ഇതല്ല.

അവിടെ എല്ലാവരും ഹാലോവീൻ ആഘോഷങ്ങളുടെ തിരക്കിലാണ്. വുഹാനിലെ ഒരു അമ്യൂസ്മെന്റ് പാർക്കിലാണ് ഹാലോവീൻ ഹോളിഡേ ആഘോഷങ്ങൾ നടന്നത്. കടൽക്കൊള്ളക്കാർ, സൂപ്പർ ഹീറോകൾ, സോംബി, പ്രേതം തുടങ്ങിയ വിചിത്ര വേഷങ്ങളണിഞ്ഞ ആയിരക്കണക്കിന് പേരാണ് വുഹാനിലെ ഹാപ്പി വാലി അമ്യൂസ്മെന്റ് പാർക്കിൽ അണിനിരന്നത്.

വുഹാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ നേരത്തെ തുറന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലടക്കം കൊവിഡ് വീണ്ടും ശക്തി പ്രാപിക്കുമ്പോഴും വുഹാൻ അടക്കമുള്ള ചൈനീസ് നഗരങ്ങളിൽ ജനജീവിതം സാധാരണമാണ്. ഓഗസ്റ്റ് മാസത്തിൽ തന്നെ വുഹാനിലെ പാർക്കുകളിലടക്കം മാസ്കോ സാമൂഹ്യ അകലമോ ഇല്ലാതെ ആളുകൾ ഒത്തുകൂടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ഏകദേശം 11 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന വുഹാനിൽ 1.10 കോടി പേരാണ് കൊവിഡ് ബാധിതരായതെന്നാണ് കണക്ക്. ആയിരക്കണക്കിന് പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് വുഹാനിൽ ലോക്ക്ഡൗൺ നീക്കിയത്. നീണ്ട 76 ദിവസങ്ങൾക്ക് ശേഷം ജൂണിലാണ് വുഹാനിൽ കർശന ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും നീക്കി ജനങ്ങൾക്ക് പൂർണമായും തുറന്നു നൽകിയത്.