shobha-surendran

പാലക്കാട് ബി.ജെ.പിയിൽ നിന്നും രാജിവച്ച് ശോഭാ സുരേന്ദ്രൻ അനുകൂലികൾ. ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍. പ്രകാശിനി, ഒ.ബി.സി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍. വിഷ്ണു എന്നിവരാണ് ബി.ജെ.പിയിൽ നിന്നും ഇപ്പോൾ രാജിവച്ചിരിക്കുന്നത്.

പ്രാദേശിക തലത്തില്‍ പോലും ബി.ജെ.പി നേതാക്കള്‍ വന്‍ അഴിമതി നടത്തുകയാണെന്നും വന്‍കിടകാരില്‍ നിന്നും പണം വാങ്ങി ജനകീയ സമരത്തിൽ ഒത്തുതീര്‍പ്പ് ചെയ്യുകയാണെന്നും ഇവർ വിമർശിക്കുന്നു. പാർട്ടിയിൽ ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും ലഭിക്കില്ലെന്ന് പ്രകാശിനിയും പറഞ്ഞിട്ടുണ്ട്.

നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാജികൾ വന്നതെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ നിന്നും രാജിവെയ്ക്കുമെന്നും സൂചനകളുണ്ട്.

സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുമെന്ന് ശോഭ സുരേന്ദ്രന്‍ മുൻപ് വ്യക്തമാക്കിയിരുന്നു. തനിക്കുള്ള പിന്തുണ വര്‍ധിപ്പിച്ചുകൊണ്ട് പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് ശോഭ സുരേന്ദ്രൻ നടത്തുന്നതെന്നും അതല്ല പാര്‍ട്ടി വിടാനുള്ള ആലോചനയാണ് നടത്തുന്നതെന്നുമുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തിയെന്നും പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു . തനിക്ക് ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലെന്നും താൻ ആരുടേയും വിഴുപ്പലക്കാന്‍ തയ്യാറല്ലെന്നും തുടർന്നും പൊതു രംഗത്തുണ്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കെ. സുരേന്ദ്രന്‍ പാർട്ടി സംസ്ഥാന അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയിലുണ്ടായിരുന്ന ശോഭയെ സംസ്ഥാന അദ്ധ്യക്ഷയാക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പിന്നീട് ശോഭ സുരേന്ദന്റെ പേര് പരിഗണിക്കപ്പെടാതെ പോകുകയായിരുന്നു.