ss

തിരുവനന്തപുരം:നിരവധി മോഷണകേസുകളിലെ പ്രതിയെ തമ്പാനൂർ തൈക്കാട് ആശുപത്രിക്ക് സമീപത്തുനിന്നും രണ്ടു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ജഗതി പനപഴിഞ്ഞി പണയിൽ വീട്ടിൽ വിജയകാന്തനെയാണ് (27)തമ്പാനൂർ എസ് .എച്ച്.യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽഫോഴ്സ് അംഗങ്ങൾ പിടികൂടിയത്.രണ്ടു കിലോ കഞ്ചാവ് വില്പനക്കായി കൊണ്ട്‌ പോകുമ്പോഴാണ്‌ പിടിയിലാകുന്നത്. സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് വിജയകാന്ത്. നഗരത്തിൽ മാത്രം ഇയാൾക്കെതിരെ പതിനഞ്ചോളം മോഷണം,മാലപിടിച്ചുപറികേസുകൾ നിലവിലുണ്ട്.പൂജപ്പുര, വട്ടിയൂർക്കാവ്,ഫോർട്ട്, മ്യൂസിയം,പേരൂർക്കട,നേമം എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇയ്യാൾക്കെതിരെ കേസുകളുണ്ട്.പല പ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായതിനു ശേഷവും ഇയാളുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യവുമായി നിരവധിപേർ വിളിക്കുന്നുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. നാർക്കോട്ടിക് സെൽ അസിസ്റ്റൻന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നിർദേശാനുസരണം തമ്പാനൂർ എസ് .എച്ച് .ഓ ബൈജു, എസ് .ഐമാരായ വിമൽ രംഗനാഥ്, അരുൺ രവി, എ .എസ് .ഐ ഗോപൻ, ഡാൻസാഫ് ടീം അംഗങ്ങളായ എ .എസ്. ഐ ബാബു, എസ് .സി .പി. ഒ മാരായ സജി, വിനോദ്, സിപിഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.