bineesh-kodiyeri

ബംഗളൂരു: കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷക സംഘവുമായി ബിനോയി കോടിയേരി ഇന്നലെ വൈകിട്ട് അഞ്ചേകാലോടെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിയെങ്കിലും കാണാൻ അനുവദിച്ചില്ല.കസ്റ്റഡിയിലുള്ള പ്രതിയെ കാണാനാവില്ലെന്ന് അറിയിച്ചതോടെ ഉദ്യോഗസ്ഥരുമായി ബിനോയിയും സംഘവും തർക്കിച്ചു. ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചുവരുത്തി. ഓഫീസിന് പുറത്തേക്ക് പോവാൻ അഭിഭാഷകരോട് ഇ.ഡി ആവശ്യപ്പെട്ടു. തിങ്കളാഴ്ച കോടതിയിൽ കണ്ടോളൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് വൈകിട്ട് ആറിന് ബിനോയിയും സംഘവും മടങ്ങി. ഇന്നലെ രാവിലെ ബിനീഷിനുള്ള വസ്ത്രങ്ങളുമായും ബിനോയി ഇ.ഡി ഓഫീസിലെത്തിയിരുന്നു. സഹോദരനെ കുടുക്കിയതാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ബിനോയി പ്രതികരിച്ചില്ല.