
ന്യൂഡൽഹി : ശത്രുക്കളുടെ റഡാറുകളും സർവൈലൻസ് സിസ്റ്റങ്ങളും തകർത്തെറിയാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ആന്റി - റേഡിയേഷൻ മിസൈൽ ആയ ' രുദ്രം ' 2022 ഓടെ സർവീസിലേക്ക് പ്രവേശിക്കുമെന്ന് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശിയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. രുദ്രം എത്തുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും. വ്യോമസേനയ്ക്ക് വേണ്ടി ഡിഫെൻസ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ( ഡി.ആർ.ഡി.ഒ ) ആണ് രുദ്രം മിസൈൽ നിർമിച്ചത്. ഒഡീഷയിലെ ബാലസോർ ദ്വീപിൽ ഒക്ടോബർ 9ന് രുദ്രം വിജയകരമായി പരീക്ഷിച്ചിരുന്നു. ആകാശത്തു നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന മിസൈൽ (എയർ ടു സർഫസ്) സുഖോയ് - 30 വിമാനത്തിൽ നിന്നാണ് പരീക്ഷിച്ചത്.
ആറ് മുതൽ ഏഴ് പരീക്ഷണങ്ങൾ കൂടി നടത്തിയ ശേഷം രുദ്രത്തെ 2022 ഓടെ വ്യോമസേനയുടെ ഭാഗമാക്കാനാണ് പദ്ധതി. മിസൈലിൽ ഘടിപ്പിച്ച ഹോമിംഗ് ഹെഡ് ശത്രു രാജ്യങ്ങളുടെ റഡാർ സ്‌റ്റേഷനുകളിൽ നിന്നുള്ള റേഡിയോ വികിരണങ്ങൾ പിടിച്ചെടുത്ത് സ്റ്റേഷനുകൾ കണ്ടെത്തി നശിപ്പിക്കും. വിക്ഷേപിക്കുന്നതിന് മുൻപും അതിന് ശേഷവും നൂറുകിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ വരെ കണ്ടെത്താൻ ശേഷിയുണ്ട് ഹോമിംഗ് ഹെഡിന്.
രുദ്രം മിസൈൽ ജാഗ്വാർ, തേജസ് വിമാനങ്ങളിലും ഘടിപ്പിക്കാം. മിസൈലിന് 5.5 മീറ്റർ നീളമുണ്ട്. ദൂരപരിധി 100-250 കി.മീ ആണ്. ഈ വർഷം അവസാനത്തോടെ സുഖേയ് - 30 ൽ നിന്ന് തന്നെ രുദ്രത്തെ വീണ്ടും പരീക്ഷിക്കാനാണ് സാദ്ധ്യത. കൂടാതെ 10 കിലോമീറ്ററിലധികം ദൂരത്തിൽ നിന്നും ശത്രുക്കളുടെ ടാങ്കിനെ തകർക്കാൻ ശേഷിയുള്ള പുതിയ എയർ - ലോഞ്ചഡ് മിസൈലും ഇന്ത്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെയും നിർണായക പരീക്ഷണം വരും മാസങ്ങളിൽ ഉണ്ടാകും.
സ്റ്റാൻഡ് - ഓഫ് ആന്റ് - ടാങ്ക് മിസൈൽ ( SANT ) എന്ന ഈ ഇന്ത്യൻ നിർമിത മിസൈൽ ശത്രു കവചങ്ങളെ തകർക്കാൻ എയർ ഫോഴ്സിന്റെ റഷ്യൻ നിർമിത എം.ഐ - 35 ഹെലികോപ്ടറുകൾ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി.ആർ.ഡി.ഒ തന്നെയാണ് ഇതിന്റെയും നിർമാതാക്കൾ. ഡിസംബറിൽ എം.ഐ - 35 ഹെലികോപ്ടറിൽ നിന്നും മിസൈലിന്റെ വിക്ഷേപണം നടന്നേക്കും.