sanju

ഗെയ്ൽ 99ൽ പുറത്ത്

അബുദാബി : ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കിംഗ്സ് ഇലവൻ പ‌ഞ്ചാബിനെതിരെ തകർപ്പൻ ജയം നേടി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിറുത്തി. അബുദാബിയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബ് ഗെയ്‌ലിന്റെ വെടിക്കെട്ടിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് എന്ന മികച്ച ടോട്ടലാണ് പടുത്തുയർത്തിയത്. മറുപടിക്കിറങ്ങിയ രാജസ്ഥാൻ അതേ നാണയത്തിൽ തന്നെ പഞ്ചാബിന് മറുപടി നൽകുകയായിരുന്നു. 17.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ വിജയ ലക്ഷ്യത്തിലെത്തി (186/3). വമ്പൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ബെൻ സ്റ്റോക്സും (26 പന്തിൽ 50, 6 ഫോർ, 3 സിക്സ് ), റോബിൻ ഉത്തപ്പയും (23 പന്തിൽ 30) സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ട് 5.3 ഓവറിൽ 60 റൺസ് അടിച്ചു കൂട്ടി. ക്രിസ് ജോർദാന്റെ പന്തിൽ ഹൂഡയ്ക്ക് ക്യാച്ച് നൽകി സ്റ്റോക്സ് മടങ്ങിയെങ്കിലും പകരമെത്തിയ സഞ്ജു സാംസൺ സൂപ്പർ ഇന്നിംഗ്സുമായി ഉത്തപ്പയ്ക്കൊപ്പം രാജസ്ഥാൻ സ്കോർ മുന്നോട്ടു കൊണ്ടു പോയി. ഉത്തപ്പ മുരുകൻ അശ്വിന്റെ പന്തിൽ പൂരൻ പിടിച്ചാണ് പുറത്തായത്. 25 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പെടെ 48 റൺസടിച്ച സഞ്ജു അർഹതപ്പെട്ട അർദ്ധ സെ‌ഞ്ച്വറിക്കരികെ റൺ ഔട്ടാവുകയായിരുന്നു. തുടർന്ന് സ്റ്റീവ് സ്‌മിത്തും (20 പന്തിൽ 31), ജോസ് ബട്ട്‌ലറും (11 പന്തിൽ 22) ചേർന്ന് പ്രശ്നമില്ലാതെ രാജസ്ഥാനെ വിജയ തീരത്തെത്തിക്കുകയായിരുന്നു.

നേരത്തേ 63 പന്തിൽ 6 ഫോറും 8 സിക്സും ഉൾപ്പെടെ 99 റൺസ് അടിച്ചു കൂട്ടിയ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ലാണ് പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. പതർച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. കഴിഞ്ഞ മത്സരത്തിലെ വിജയ ശില്പി മൻദീപ് സിംഗിനെ (0) ആദ്യ ഓവറിൽ തന്നെ പഞ്ചാബിന് നഷ്ടമായി. ജോഫ്ര ആർച്ചറുടെ പന്തിൽ ബെൻ സ്റ്രോക്സിന് ക്യാച്ച് നൽകിയാണ് മൻദീപ് പുറത്തായത്. എന്നാൽ തുടർന്ന് നായകൻ രാഹുലിന് കൂട്ടായി ഗെയ്ൽ ക്രീസിലെത്തിയതോടെ കളി മാറുകയായിരുന്നു. രാജസ്ഥാൻ ബൗളർമാരെ സമർത്ഥമായി നേരിട്ട ഇരുവരും അതിവേഗം സ്കോർ മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തു. പതിനഞ്ചാമത്തെ ഓവറിലെ നാലാം പന്തിൽ രാഹുലിനെ തെവാതിയയുടെ കൈയിൽ എത്തിച്ച് സ്റ്റോക്സാണ് കൂട്ടുകെട്ട് പൊളിച്ചത്. 41 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് രാഹുലിന്റെ ഇന്നിംഗ്സ്.

പിന്നീടെത്തിയ നിക്കോളോസ് പൂരൻ 3 സിക്സ് ഉൾപ്പെടെ 10 പന്തിൽ വേഗത്തിൽ 21 റൺസ് അടിച്ചെടുത്തു. പൂരനെ സ്റ്റോക്സ് തെവാതിയയുടെ കൈയിൽ എത്തിക്കുകയായിരുന്നു. സെഞ്ച്വറിക്ക് തൊട്ടരികെ വച്ച് ആർച്ചറുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് ഗെയ്ൽ പുറത്തായത്. സീസണിൽ ഗെയ്ലിന്റെ മൂന്നാം അ‌ർദ്ധ സെഞ്ച്വറിയാണിത്. ട്വന്റി-20യിൽ 1000 സിക്സടിക്കുന്ന ആദ്യ താരമെന്ന റെക്കാഡും ഗെയ്ൽ സ്വന്തമാക്കി. ഹൂഡയും (1) മാക്സ്‌വെല്ലും (6) പുറത്താകാതെ നിന്നു. രാജസ്ഥാനായി സ്റ്റോക്സും ആർച്ചറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.