
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്നത് ചെെനീസ് സ്മാർട്ട് ഫോണുകളായിരുന്നു. ഉപഭോക്താക്കളുടെ പ്രിയ ബ്രാൻഡുകളായ ഓപ്പോ, വിവോ, റിയൽമി, ഷവോമി എന്നിവ വിപണിയിലെ മുന്‍നിരക്കാർ ആയിരുന്നു. എന്നാൽ ഇപ്പോൾ ചെെനീസ് ഫോണുകളുടെ വിപണി ഇന്ത്യയിൽ കൂപ്പുകുത്തുകയാണ്.
ഇന്ത്യൻ വിപണിയിൽ ഒന്നാമനായിരുന്ന ഷവോമിയെ പിന്നിലാക്കി ആ സ്ഥാനം നേടിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ്. 2018ന് ശേഷം ആദ്യമായാണ് സാംസംഗ് ഇന്ത്യൻ വിപണിയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ലോക്ഡൗണിന് ശേഷം ശക്തമായ തിരിച്ചുവരവു നടത്തിയ കമ്പനിയാണ് സാംസംഗ് എന്നതും ശ്രദ്ധേയമാണ്. ചെെനീസ് സ്മാർട്ട് ഫോണുകളുടെ വിപണിയിൽ വൻഇടിവ് വന്നതായും റിപ്പോർട്ടുകളുണ്ട്. ഓപ്പോ, വിവോ, ഷവോമി എന്നിവയുടെ വിപണി വിഹിതം ഇന്ത്യയിൽ ഒന്ന് മുതൽ രണ്ട് ശതമാനം കുറഞ്ഞുവെന്നും പറയപ്പെടുന്നു. അമേരിക്കൻ കമ്പനിയായ ആപ്പിളിനും ഈ കാലയളവിൽ ഇന്ത്യയിൽ മികച്ച വിൽപ്പന നടന്നിരുന്നു.
അതിർത്തിയിലെ ഇന്ത്യ-ചെെന സംഘർഷത്തെ തുടർന്ന് രാജ്യത്ത് ചെെനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. ഇതിനൊപ്പം ഇന്ത്യയിലേക്ക് ഫോണുകൾ കയറ്റി അയക്കുന്നതിനുള്ള തടസവുമാണ് ഇന്ത്യൻ വിപണിയിലെ ചെെനീസ് ഫോൺ വിൽപ്പന കുത്തനെ താഴാൻ കാരണമെന്നുമാണ് വിദഗ്ദ്ധർ കരുതുന്നത്.