wall-of-shame

'അവർ വന്നത് രാത്രിയാണ്. നിർമ്മാണത്തൊഴിലാളികളും പൊലീസും അടങ്ങിയ വലിയൊരാൾക്കൂട്ടം അവർക്കൊപ്പമുണ്ടായിരുന്നു. സിമന്റ് കുഴയ്ക്കുന്ന വലിയ ട്രക്കുകളും മറ്റും അവർ കൊണ്ടുവന്നു. ഞങ്ങളുടെയൊക്കെ ജീവിതങ്ങളെ കാണാമറയത്തേക്ക് തുടച്ചെറിയുന്ന വലിയൊരു മതിൽ, അപമാനത്തിന്റെ, നാണക്കേടിന്റെ മതിൽ അവിടെ ഉയർന്നു പൊങ്ങി.'- പെറുവിലെ ലിമയിൽ താമസിക്കുന്ന 38 കാരി റാക്വേൽ യാനക് പറയുന്നു.

'മഹത്തായ മതിലിന്റെ' ഇങ്ങേയറ്റത്താണ് റാക്വേലും മക്കളും താമസിക്കുന്നത്. പലനിറത്തിലുള്ള പ്ലൈവുഡ് കഷ്ണങ്ങളും മെറ്റൽ ഷീറ്റുകളും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നിറഞ്ഞ നഗരത്തിന്റെ അറ്റത്താണ് അവരുടെ ജീവിതം. അപ്പുറത്തോ, സ്വിമ്മിംഗ് പൂളുകളും പുൽമൈതാനങ്ങളും രമ്യഹർമ്മങ്ങളും നിറഞ്ഞ സമ്പന്നതയുടെ മടിത്തട്ട്.

ഇനി മരിയയുടെ കാര്യമെടുക്കാം... എന്നും വീട്ടുജോലിക്ക് പോകുന്ന, ഏതാനും ചുവട് വെച്ചാൽ എത്തിയിരുന്ന അയൽപക്കത്തെ സമ്പന്ന ഗൃഹങ്ങളിലെത്താൻ മരിയ ഇന്ന് രണ്ട് മണിക്കൂറോളം നടക്കണം. അല്ലെങ്കിൽ, ദിവസ വരുമാനത്തിന്റെ പകുതി ചിലവാക്കി ബസിൽ പോകണം. ഒരു സുപ്രഭാതത്തിലെന്നോണം അയൽ വീടുകൾക്കിടയിൽ പ്രത്യക്ഷപ്പെട്ട വന്മതിലാണ് മരിയയുടെയും അവളെപ്പോലെയുള്ള ആയിരക്കണക്കിന് മനുഷ്യരുടെയും ജീവിതം കൂടുതൽ ദുസ്സഹമാക്കിയത്. അവരെ അപമാനിതരാക്കിയത്.

അപമാനത്തിന്റെ മതിൽ

അയൽക്കാരെ, സമൂഹങ്ങളെ വിഭജിക്കുന്ന മതിലുകൾ ലോകത്ത് പലതുമുണ്ട്. ബർലിൻ മതിൽ, അടുത്ത കാലത്ത് ചർച്ചയായ യു.എസ്. - മെക്സിക്കോ അതിർത്തിയിലെ മതിൽ അങ്ങനെ പലതും. എന്നാൽ ഇവിടെ പറയുന്ന മതിൽ തികച്ചും വ്യത്യസ്തമാണ്. പണക്കാരനും പാവപ്പെട്ടവനും ഇടയിലാണ് ഈ മതിൽ. ഒരേ നഗരത്തിൽ ഒരു വിഭാഗത്തിന്റെ ഉന്നമനത്തെ, അതിജീവനത്തെ, ആ ത്മാഭിമാനത്തെ ഒക്കെ ഹനിക്കുന്ന ഒരു നെടുങ്കൻ മതിൽ. ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് ഈ "അപമാന മതിൽ " .

താഴ്ന്ന വരുമാനക്കാരായ സാധാരണക്കാർ ജീവിക്കുന്ന സാൻ യുവാൻ ഡി മിരാഫ്ലോറെസ് , വില്ലാ മരിയാ ഡെൽ ട്രയൻഫോ എന്നീ സ്ഥലങ്ങൾക്കും സമ്പന്നർ വസിക്കുന്ന ലാ മൊളീന, സാൻഡിയാഗോ ഡി സർക്കോ പ്രവിശ്യകൾക്കും ഇടയിലൂടെ നാല് മുനിസിപ്പാലിറ്റികൾ കടന്നാണ് ഈ 6 മൈൽ നീളമുള്ള മതിലിന്റെ കിടപ്പ്.

എൺപതുകളിൽ പെറുവിലെ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തേടി ധാരാളം ആളുകൾ കുടിയേറുകയുണ്ടായി. ഇവരിൽ പലരും നഗരത്തിലെ താമസച്ചെലവ് താങ്ങാനാവാതെ നഗരാതിർത്തികളിലെ പുറമ്പോക്കുകളിൽ അനധികൃതമായി താമസം തുടങ്ങി. നഗര വികസനത്തിന്റെ ഫലമായി ഉണ്ടായ തിരക്കിൽ നിന്ന് രക്ഷ നേടാൻ പ്രാന്തപ്രദേശങ്ങളിലേക്ക് താമസം മാറിയിരുന്ന സമ്പന്നർക്ക് ഇവരുടെ വരവിൽ അലോസരമുണ്ടായി. പലപ്പോഴും ദാരിദ്രത്തിന്റെ ഉപോത്പ്പന്നമായി സൃഷ്ടിക്കപ്പെടുന്ന ക്രിമിനലുകളുടെ സാമീപ്യം തങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുമെന്നവർ ഭയന്നു. ഈ അരക്ഷിതബോധത്തിൽ നിന്നാണ് മതിലെന്ന ആശയം ഉണ്ടായതും അഴിമതിക്കാരായ അധികൃതരുടെ ഒത്താശയോടെ രായ്ക്ക് രാമാനം അത് നടപ്പിലാക്കുകയും ചെയ്തത്. മതിൽ കെട്ടി അകറ്റപ്പെട്ടവർക്ക്, സമ്പന്നരല്ലെന്ന കാരണത്താൽ , തങ്ങൾക്ക് സ്വൈര്യമായി വിഹരിക്കാൻ അവകാശമുള്ള പൊതു ഇടങ്ങളിൽ സഞ്ചരിക്കാൻ സ്വകാര്യ വ്യക്തികളുടെ പാസ് വേണമെന്ന ഗതികേടായി.

മരിയയെപ്പോലെ ലക്ഷക്കണക്കിന് ആളുകൾ പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഒറ്റമുറി വീടുകളിൽ കഴിയുമ്പോൾ മതിലിന്റെ മറുവശത്ത് പൂന്തോട്ടവും സ്വിമ്മിംഗ് പൂളുമൊക്കെയുള്ള കൂറ്റൻ വില്ലകളുടെ ലോകമാണ്. വരണ്ട ഭൂപ്രകൃതിയുള്ള ലിമയിൽ സമ്പന്നർ താമസിക്കുന്ന പ്രദേശങ്ങളിൽ മാത്രമാണ് പച്ചപ്പ് കാണാൻ സാധിക്കുക . കനത്ത സുരക്ഷാ സംവിധാനങ്ങൾ കടന്ന് പോകണമെന്നത് കൊണ്ട് മരിയയുടെ മകൾ ഉൾപ്പെടെ മിക്കവരും ഒരിക്കൽ പോലും മറുവശത്തെ ലോകം കണ്ടിട്ടില്ല. ജല ദൗർലഭ്യം രൂക്ഷമായ ഇവിടെ സാധാരണക്കാർ കനത്ത തുക നൽകി ജലം വാങ്ങുമ്പോൾ സമ്പന്നർക്ക് സുലഭമായി, കുറഞ്ഞ വിലയിൽ ജലം ലഭിക്കുന്നു. സമൂഹത്തിൽ വിവിധ തട്ടുകളുടെ ഇടപഴകൽ ഇല്ലാതാക്കിയതിലൂടെ സാമൂഹിക, സാമ്പത്തിക അന്തരം രൂക്ഷമായ തോതിൽ പ്രകടമാണ് . അഴിമതിയിൽ മുങ്ങിയ ഭരണ സംവിധാനങ്ങൾ പണച്ചാക്കുകൾക്ക് കുടപിടിച്ച് ,ഈ അനധികൃത നിർമ്മിതിക്ക് നേരേ കണ്ണടക്കുമ്പോൾ മറുപുറത്ത് കൂടുതൽ ദരിദ്രനാരായണൻമാർ സൃഷ്ടിക്കപ്പെടുന്നു.

തങ്ങളെ അകറ്റി നിറുത്തേണ്ടവരായി കാണുന്നതിൽ അപമാനിതരായിരിക്കുമ്പോഴും ഈ മതിൽ അത് നിർമ്മിച്ചവർക്കാണ് അപമാനം എന്ന ബോധ്യമുള്ളവരാണ് ലിമയിലെ സാധാരണക്കാർ. 'അപമാനത്തിന്റെ മതിൽ' എന്ന പേരിട്ടതും അവർ തന്നെ.