trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരോപണവും സംവാദങ്ങളുമായി ചൂട് പിടിച്ചിരിക്കുകയാണ് രാജ്യം. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി ഇരു സ്ഥാനാർത്ഥികളും പരസ്പരം കുറ്റപ്പെടുത്തുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് പുതിയ ആരോപണവുമായി ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സ്ഥാനാർത്ഥി ജോ.ബെെഡൻ രംഗത്തെത്തിയത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പെടുത്തിയില്ലെന്നാണ് ജോ.ബൈഡന്റെ പുതിയ ആരോപണം. താൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുമെന്നും ബെെഡൻ പറഞ്ഞു.

എന്നാൽ കണക്കുകൾ പ്രകാരം 2009 മുതൽ 2016 വരെയുള്ള ബരാക്ക് ഒബാമയുടെ ഭരണകാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ 9.9 ശതമാനത്തിൽ നിന്ന് ഇടിഞ്ഞ് 4.7 ശതമാനമായിരുന്നു. 2019ൽ ട്രംപിന്റെ ഭരണകാലത്ത് ഇത് വീണ്ടും 3.5 ശതമാനമായി കുറഞ്ഞു. ഇത് ട്രംപിന്റെ ഭരണനേട്ടമല്ലെന്നും ഒരിക്കൽ ആരംഭിച്ച തൊഴില്ലില്ലായ്മയുടെ ശതമാനം ഇടിയുന്ന പ്രവണതയുടെ തുടർച്ചയാണെന്നും ചിലർ വാദമുയർത്തുന്നുണ്ട്. എന്നാൽ 2016ൽ സമ്പദ്‌വ്യവസ്ഥ സമ്പൂർണ്ണ തൊഴിലവസരത്തിലാണെന്നും തൊഴിൽ വിപണിയിൽ കൂടുതൽ പുരോഗതി കൈവരിക്കാനാവില്ലെന്നും ട്രഷറി വകുപ്പിലെയും ഫെഡറൽ റിസർവിലെയും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തൊഴിലില്ലായ്മ കുറഞ്ഞാൽ അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ പ്രസിഡന്റ് ട്രംപ് ഈ മുന്നറിയിപ്പുകൾ എല്ലാം തന്നെ കാറ്റിൽ പറത്തിയുള്ള ഭരണമാണ് കാഴ്ചവച്ചത്. നികുതി വെട്ടിക്കുറച്ചും, ചെലവ് വർദ്ധിപ്പിച്ചും , പലിശനിരക്ക് പൂജ്യമായി കുറയ്ച്ചും മുമ്പെങ്ങുമില്ലാത്തവിധം അമേരിക്കൻ ഫെഡറൽ സംവിധാനത്തെ തന്നെ ഞെട്ടിച്ചു കൊണ്ടുള്ള പദ്ധതികൾക്ക് രൂപം നൽകി. ബിസിനസ് ആവശ്യങ്ങൾക്കായി ടാക്സ് ഇളവുകൾ ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് നിക്ഷേപം ശമ്പളം എന്നിവയുടെ വർദ്ധനവിന് കാരണമായി. ഇത് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്നു ട്രംപിന്റെ നടപടി. ഇത് ഏറെ കുറെ വിജയിച്ചതായു കാണാം.