
തിരുവനന്തപുരം: ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് വന്നതോടെ അനിശ്ചിതത്വത്തിലായ പാലാ സീറ്റ് ഉറപ്പിക്കാൻ എൻ സി പിയിൽ രാഷ്ട്രീയ നീക്കം സജീവമായി. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി. സി പി എം കേന്ദ്ര നേതൃത്വവുമായി പാലാ സീറ്റ് സംബന്ധിച്ച് ചർച്ച നടത്താമെന്ന് സംസ്ഥാന നേതാക്കൾക്ക് ശരദ് പവാർ ഉറപ്പ് നൽകി.
മാണി സി കാപ്പനും എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ പീതാംബരൻ മാസ്റ്ററും ഇന്നലെ മുംബയിലെത്തിയാണ് ശരദ് പവാറിനെ കണ്ടത്. പാലാ കിട്ടിയില്ലെങ്കിൽ മുന്നണി മാറ്റം വേണം എന്ന കാര്യവും ഇരുനേതാക്കളും ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. ഇതേ തുടർന്നാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുളള നേതാക്കളുമായി വിഷയം ചർച്ച ചെയ്‌ത് സമവായത്തിന് ശ്രമിക്കാമെന്ന് ശരദ്പവാർ നേതാക്കളെ അറിയിച്ചത്.
പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടു വീഴ്‌ചക്ക് തയാറാകാണമെന്ന സൂചനയാണ് എൽ ഡി എഫ് നേതാക്കൾ മാണി സി കാപ്പന് നൽകുന്നത്. വിജയം ഉറപ്പുളള മറ്റൊരു സീറ്റ് നൽകാമെന്ന് എൽ ഡി എഫ് ആവർത്തിക്കുന്നുണ്ടെങ്കിലും കാപ്പനും എൻ സി പി നേതൃത്വത്തിനും അതിനോട് താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളുടെ പിന്തുണ തേടുന്നത്.
നിയമസഭാ സീറ്റുകളെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇടത് നേതാക്കൾ പറയുമ്പോഴും പാലയിൽ മത്സരിക്കാനുളള ഒരുക്കങ്ങൾ അണിയറയിൽ ജോസ് പക്ഷം തുടങ്ങിക്കഴിഞ്ഞു. പാലാ സീറ്റിന്റെ പേരിൽ എൻ സി പിയിലെ ഭിന്നത മുതലെടുക്കാനാണ് സി പി എം നീക്കം. കാപ്പൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ മറുപക്ഷത്തെ ഒപ്പം നിർത്തി സി പി എം മുന്നോട്ട് പോകും.