
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്. സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിച്ചു. സ്വപ്‌നയുടെ ലോക്കറിൽ സൂക്ഷിച്ച കളളപ്പണത്തെ കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്‌നയേയും കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്ന് ദിവസമാണ് സ്വപ്‌നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയിൽ വേണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്‌ച പരിഗണിക്കും.സ്വപ്‌ന സുരേഷിന് സന്തോഷ് ഈപ്പൻ കൈമാറിയ ഐ ഫോൺ ഉപയോഗിച്ചിരുന്നത് ശിവശങ്കറാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് ഇത്തരത്തിൽ സംശയം ഉയർന്നത്. ഒരു ലക്ഷം രൂപയോളം വിലവരുന്നതാണ് ഫോൺ.
തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐ എം ഇ ഐ നമ്പർ ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. താൻ വാങ്ങിയ ഐ ഫോണുകളുടെ വിവരങ്ങൾ സന്തോഷ് ഈപ്പനും നൽകിയിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് സന്തോഷ് ഈപ്പൻ കൈമാറിയതിൽ ഏറ്റവും വിലയേറിയ ഫോൺ ശിവശങ്കറിന് ലഭിച്ചതായി വ്യക്തമായത്.