brahmos-missile

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ സുപ്രധാന മിസൈൽ പരീക്ഷണവുമായി ഇന്ത്യ. കഴിഞ്ഞ രണ്ട് മാസത്തിനിടെ രുദ്രം -1 എന്ന ആന്റി റേഡിയേഷൻ മിസൈൽ ഉൾപ്പടെ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം പ്രതിരോധ രംഗത്ത് രാജ്യത്തിന് കരുത്തായി മാറും.

brahmos-missile

സുഖോയ് യുദ്ധ വിമാനത്തിൽ നിന്നാണ് ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചത്. ബംഗാൾ ഉൾക്കടലിൽ വച്ച് ഇന്നലെയായിരുന്നു പരീക്ഷണം വിജയകരമായി നടന്നത്. വളരെ കൃത്യതയോടെ മുങ്ങി കപ്പലിനെ മിസൈൽ തകർത്തതായി വ്യോമസേന അധികൃതർ അറിയിച്ചു.

brahmos-missile

പഞ്ചാബിലെ വ്യോമസേനത്താവളത്തിൽ നിന്ന് പറന്നുയർന്ന സുഖോയ് വിമാനം വായുവിൽ ഇന്ധനം നിറച്ച ശേഷമാണ് പരീക്ഷണത്തിലേക്ക് കടന്നത്. സുഖോയ്-30 വിമാനം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ചതിന് ശേഷമാണ് മിസൈൽ പ്രയോഗിച്ചതെന്ന് അധികൃതർ അറിയിച്ചു.

കടലിലെയോ കരയിലെയോ ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് പകലും രാത്രിയിലും എല്ലാ കാലാവസ്ഥയിലും വളരെ കൃത്യതയോടെ ആക്രമിക്കാൻ ബ്രഹ്‌മോസ് മിസൈലുകൾക്കാകും. നാൽപ്പതോളം സുഖോയ് യുദ്ധവിമാനങ്ങളിലാണ് വ്യോമസേന ബ്രഹ്‌മോസ് മിസൈലുകൾ ഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ വ്യോമസേന ആദ്യമായി സുഖോയ് -30 എം കെ ഐ യുദ്ധവിമാനത്തിൽ നിന്ന് ബ്രഹ്‌മോസ് മിസൈലിന്റെ വ്യോമപരീക്ഷണം വിജയകരമായി പരീക്ഷിച്ചിരുന്നു.