bp-subash-

സ്വന്തം വിലാപങ്ങളെ മറച്ചുവയ്ക്കുകയും സാമൂഹ്യ ചേതനയുടെ നടുക്കങ്ങൾക്ക് പ്രതിവിധി തേടുകയും ചെയ്ത സംഗ്രഹിതമായ ഒരു വ്യക്തിത്വമായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ലയൺ എൻജിനിയർ ബി.പി. സുഭാഷ്. ഏറെ ഉണർവും സേവന തൃഷ്ണയും ലയൺസിനിടയിൽ സൃഷ്ടിക്കാൻ സുഭാഷിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ സ്വാധീനം ഏറെയായിരുന്നു.‌

കഴിഞ്ഞവർഷമാണ് ഗോപിനാഥ് മുതുകാടിന്റെ 'മാജിക് പ്ളാനറ്റി 'ൽ സുഭാഷ് ലയൺസ് ക്ളബുകളുടെ പേരിൽ നൂതനമായ ഒരു സേവനദൗത്യം നിർവഹിച്ചത്. കേരള ഗവൺമെന്റിന്റെ കീഴിലുള്ള 'കമ്മിഷൻ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റി' കമ്മിഷണർ കം ഗവൺമെന്റ്. സെക്രട്ടറി ഡോ. ജി. ഹരികുമാറിന്റെ നേതൃത്വത്തിൽ 'ധനുസ് ' എന്ന് നാമകരണം ചെയ്ത ആ ചടങ്ങ് ലയൺസ് ക്ളബുകളുടെ പ്രവർത്തന മേഖലയിലെ ഒരസുലഭ സേവനസന്ദർഭമായിരുന്നു. 250 ലധികം ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ രക്ഷാകർത്താക്കളെയും ക്ഷണിച്ചുവരുത്തി, അത്തരം കുട്ടികൾക്കായി നിയമാധിഷ്ഠിതമായ അവകാശങ്ങളെക്കുറിച്ചുള്ള ഒരു പ്രബോധനമായിരുന്നു അത്. ഒരു സാമൂഹ്യ ഉണർവിന്റെ ഗൗരവാധിഷ്ഠിതമായ പ്രത്യേകത 'ധനുസ് ' നുണ്ടായിരുന്നു.

മയ്യനാട്ടെ വയൽവരമ്പിൽ പടിഞ്ഞാറോട്ട് പറന്നകലുന്ന വെൺകൊക്കുകളെ നോക്കിയിരുന്ന ഒരു കാലം സുഭാഷിനുണ്ടായിരുന്നു. തിരുവനന്തപുരത്തു വൈദ്യുതി ഭവനിൽ എൻജിനീയറായി ഒൗദ്യോഗിക ജോലിയിൽ മുഴുകുമ്പോഴും നാട്ടിലെ ഏലായിലെ നെൽകൃഷി സുഭാഷിന്റെ മനസിൽ കതിരിട്ടു നിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷാകർതൃ സംഘടനകളെയും കർഷക കൂട്ടായ്മകളെയും ലയൺസ് പ്രസ്ഥാനത്തെയും ഒന്നിച്ചുനിറുത്തി ഉമയനൂർ ഏലായിൽ നെൽകൃഷിയിറക്കിയത്. നിലമൊരുക്കലും ഞാറുനടീലും കളയെടുക്കലും ഒക്കെയായി വയൽ കൃഷിയെ ഒരു പാഠശാലയുടെ പാവനത്വത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം വരെയും അതൊരു നിയോഗം പോലെ സുഭാഷ് നിർവഹിച്ചിരുന്നു.

ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയിൽ ഉൾപ്പെട്ട ട്രിവാൻഡ്രം ടവേഴ്സ് ലയൺസ് ക്ളബിലെ ഒരംഗമെന്ന നിലയിൽ ഇൗ ക്ളബിന് സുഭാഷിലൂടെ ലഭ്യമായ കീർത്തി എടുത്തുപറയേണ്ടതാണ്. ലയൺസ് ഡിസ്ട്രിക്ടിന്റെ ഭരണതലങ്ങളിൽ സുഭാഷിന്റെ സാന്നിദ്ധ്യം നൽകിയിരുന്ന നേർക്കാഴ്ചകളും നേട്ടങ്ങളും മറക്കാൻ കഴിയില്ല. മനുഷ്യത്വപരമായ സുഭാഷിന്റെ വീക്ഷണങ്ങളും അതിന്റെ സത്യവത്കരണങ്ങളും ഏറെ അനുഭവിച്ചിട്ടുണ്ട് ലയൺസ് പ്രസ്ഥാനം. ഇവിടെ മാത്രമല്ല, അദ്ദേഹത്തിന്റെ സുഹൃത് വലയം വ്യാപൃതമായിട്ടുള്ള എല്ലായിടത്തും ആ പ്രത്യേകത വിലയിരുത്തപ്പെടുകയും അനുകരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളുടെ രൂപീകരണത്തിലും പ്രവർത്തനരീതികളിലും സുഭാഷിന്റെ പങ്ക് എക്കാലവും ആദരണീയമായിരുന്നു.

പ്രകൃതിയുടെയും മനുഷ്യന്റെയും ജീവിതത്തിന്റെ എല്ലാ തുറകളും സുഭാഷിന് പരിചിതമായിരുന്നു. അവയിലെ ഒാരോ സ്പന്ദനവും തൊട്ട് മനസിലാക്കിക്കൊണ്ടുള്ള സേവനപൂർണമായ സമീപനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒട്ടനവധി സംഘടനകളുടെ നേതൃനിരയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനിവാര്യമായിരുന്നതും അതുകൊണ്ടുതന്നെയാണ്. സ്വന്തം പ്രവൃത്തികൾ കൊണ്ടത് തെളിയിച്ചിട്ടുണ്ട്. എങ്കിലും ഇവിടെ ലയൺസ് പ്രസ്ഥാനത്തിനു ലയൺ സുഭാഷ് നൽകിയിട്ടുള്ള ഒൗദാര്യപൂർണമായ സേവന പ്രവർത്തനങ്ങളിൽ രണ്ടെണ്ണം മാത്രം സൂചിപ്പിക്കുന്നതേയുള്ളൂ. കാരണം ഇവ രണ്ടും നമ്മുടെ ലയൺസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പുതുതായി ഇടം പിടിച്ചിട്ടുള്ളവയാണ്.

അമ്പുതൊടുത്ത വില്ലുപോലെ സുഭാഷിന്റെ മനസിനെ എപ്പോഴും സന്നദ്ധമാക്കിയിരുന്നതിൽ വലിയ പങ്ക് അദ്ദേഹത്തിന്റെ സഹധർമ്മിണി ലയൺ ഡോ. ജയലക്ഷ്മിക്കുള്ളതാണ്. സുഭാഷിന്റെ പ്രിയ പിതാവ് പ്രൊഫസർ പി.കെ.ജി. പുരുഷോത്തമൻ ഇന്നില്ല. അമ്മ ശ്രീമതി ഉമയമ്മയ്ക്ക് ഇനി തീർച്ചയായും ആശ്വാസം ഇനിയുള്ള മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയാണ്. ഒപ്പം ലയൺസ് പ്രസ്ഥാനം ആ മഹതിക്ക് തുണയായി എപ്പോഴുമുണ്ടാകുമെന്ന ആത്മവിശ്വാസം സുഭാഷിന്റെ ആത്മാവിന് സംതൃപ്തി നൽകുമെന്നതിൽ രണ്ട് പക്ഷമില്ല.