
ഗാസിയാബാദ്: കരച്ചിൽ നിർത്താത്തതിനെ തുടർന്ന് പ്രകോപിതനായ പിതാവ് നാലുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കേസിൽ കുട്ടിയുടെ പിതാവായ വാസുദേവ് ഗുപ്തയെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
സുൽത്താൻപുർ സ്വദേശിയായ വാസുദേവ് ഗുപത ഓട്ടോറിക്ഷ ഡ്രൈവറാണ്. വർഷങ്ങളായി ഖോദ കോളനിയിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. ഭാര്യ നോയിഡയിലെ ഒരു സ്പായിലാണ് ജോലി ചെയ്യുന്നത്.ഇരുപത് ദിവസങ്ങൾക്ക് മുമ്പ് ഭാര്യ ഇയാളോട് പിണങ്ങി മൂന്ന് വയസുള്ള മകനെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി പോയിരുന്നു. ഇതോടെ വാസുദേവ് ഗുപ്ത മാനസികമായി തളർന്നു. മകൾ കരഞ്ഞപ്പോൾ കരച്ചിൽ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയിൽ കറങ്ങികൊണ്ടിരിക്കെയാണ് വാസുദേവ് ഗുപ്ത അറസ്റ്റിലായത്.
വാസുദേവ് ഗുപ്തയുടെ ഇളയ സഹോദരനായ രവി ഗുപ്തയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.രവി ഗുപത സഹോദരന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. വാതിൽ തുറന്നിട്ട നിലയിലുമായിരുന്നു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് താൻ മകളെ കൊലപ്പെടുത്തിയ വിവരവും, നോയിഡയിലാണെന്നും ഗുപ്ത അറിയിക്കുന്നത്. ഉടൻ രവി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.