bhagyalekshmi

കൊച്ചി: വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ ഹൈക്കോടതി മാറ്റി. മുൻകൂർ ജാമ്യം എതിർത്ത് വിജയ് പി. നായർ നൽകിയ കക്ഷി ചേരാനുള്ള ഹർജിയിലും വാദം കേട്ട ശേഷമാണ് സിംഗിൾബെഞ്ച് നടപടി.

ഇന്നലെ ഹർജി പരിഗണനയ്‌ക്കെടുത്തപ്പോൾ പ്രതികൾ നിയമം കൈയിലെടുക്കുന്ന പ്രവൃത്തിയാണ് ചെയ്തതെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു.സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ ഇത്തരത്തിൽ ആരെങ്കിലും ഇറങ്ങി പുറപ്പെടേണ്ടതുണ്ടെന്നായിരുന്നു ഹർജിക്കാരുടെ മറുപടി. എന്നാൽ അതിനുള്ള പ്രത്യാഘാതങ്ങളും നേരിടാൻ തയ്യാറാകണമെന്നും, ജയിലിൽ പോകുന്നതിനു വിമുഖത കാട്ടുന്നത് എന്തിനാണെന്നും സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു.

ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾ മുൻകൂർ ജാമ്യം തേടി നൽകിയ ഹർജി നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.തുടർന്നാണ് ഇവർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.