
ഷോപ്പിംഗ് പലർക്കും ഒരു ഹരമാണ്. ആവശ്യമായ സാധനം വാങ്ങാൻ പോയാലും അതിന്റെ വെറൈറ്റികൾ പരിശോധിച്ച് തമ്മിൽ താരതമ്യം ചെയ്‌ത് വില നോക്കിയും ഗുണകരമാണോ എന്നൊക്കെ പരിശോധിച്ചും വളരെയധികം സമയമെടുത്താണ് ഓരോ സാധനങ്ങൾ പലരും വാങ്ങുക. എന്നാൽ വെറും അഞ്ച് സെക്കന്റ് ഇങ്ങനെ ഷോപ്പിംഗിനായി നമുക്ക് ലഭിച്ചാലോ? കഴിയുന്നതെല്ലാം വാരിയെടുക്കാനാകും എല്ലാവരും ശ്രമിക്കുക. എന്നാൽ ആ സമയം കൊണ്ട് തന്റെ കുടുംബത്തിന് അത്യാവശ്യമായ സാധനങ്ങൾ മാത്രം തിരഞ്ഞെടുത്ത മിടുക്കനായ ഒരു കുട്ടിയുടെ ഷോപ്പിംഗ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.
ന്യൂയോർക്കിലെ ഒരു സൂപ്പർമാർക്കറ്റിൽ കാഷ്യറായ അഹമ്മജ് അൽവാനാണ് ഇൻസ്‌റ്റഗ്രാമിൽ ഈ വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്. സാധനം വാങ്ങാനെത്തിയ കുട്ടിയോട് കാഷ്യർ ഒരു ലളിതമായ കണക്ക് ചോദ്യം ചോദിക്കാമെന്നും ഉത്തരം പറഞ്ഞാൽ ഇഷ്‌ടമുളളത് തിരഞ്ഞെടുക്കാൻ അഞ്ച് സെക്കന്റ് തരാമെന്നും പറയുന്നു. ചോദ്യത്തിന് കൃത്യമായ ഉത്തരമാണ് കുട്ടി നൽകിയത്. തുടർന്ന് മെല്ലെ അഞ്ചുവരെ എണ്ണുന്നതിനിടെ കുട്ടി തന്റെ കുടുംബത്തിനാവശ്യമായ ഉളളി,വാഴപ്പഴം,വെണ്ണപ്പഴം എന്നിവയും പാക്കറ്റിലുളള ഭക്ഷണവും തിരഞ്ഞെടുത്തു. ഏറ്റവും ഒടുവിലായി ആപ്പിളിന്റെ എയർപോഡും.
കിട്ടുന്ന സമയത്ത് പരമാവധി വാരിയെടുക്കുന്നതിനല്ല അവന്റെ കുടുംബത്തിനാവശ്യമായത് മാത്രമാണ് കുട്ടി എടുത്തത്. ഇത് വീഡിയോ കണ്ടവരെയെല്ലാം വളരെയധികം ആകർഷിച്ചു. 'നല്ല രീതിയിൽ വളരുന്നൊരു കുട്ടിയാണിവൻ' വീഡിയോ കണ്ടവരെല്ലാം കുട്ടിയെ അഭിനന്ദിച്ചു. ഒറ്റ ദിവസം കൊണ്ട് 50,000ത്തിനടുത്ത് ആളുകളാണ് കുട്ടിയുടെ വീഡിയോ കണ്ടത്.