
അഹമ്മദാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ ചിലർ രാഷ്ട്രീയം കളിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാകിസ്ഥാൻ പാർലമെന്റിൽ ഒരു മന്ത്രി അവകാശവാദങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം വെളിപ്പെട്ടതെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാൽപത് സൈനികരാണ് കഴിഞ്ഞ വർഷം പുൽവാമയിൽ വീരമൃത്യുവരിച്ചത്. 'സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചപ്പോൾ ചിലർ ദു:ഖിതരായിരുന്നില്ല. അവരെ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല.എല്ലാ വിവാദങ്ങളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി, എല്ലാ ആരോപണങ്ങളും നിശബ്ദമായി സഹിച്ചു. ആക്രമണത്തിൽ പോലും ഈ ആളുകൾ രാഷ്ട്രീയ നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയാം.'-ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിനം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
'എന്നിരുന്നാലും, അയൽരാജ്യം അവരുടെ പാർലമെന്റിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ, നമ്മുടെ ദുഷ്‌കരമായ സമയത്ത് വൃത്തികെട്ട രീതിയിൽ രാഷ്ട്രീയം കളിച്ചവരുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു. ഇത്തരത്തിൽ രാഷ്ട്രീയം കളിക്കരുതെന്ന് രാജ്യത്തിന് വേണ്ടി അവരോട് അഭ്യർത്ഥിക്കുന്നു, 'പ്രധാനമന്ത്രി പറഞ്ഞു. ഈ പാർട്ടികൾ ഇന്ത്യാ വിരുദ്ധ ശക്തികളെ സഹായിക്കുകയാണെന്നും മോദി ആരോപിച്ചു.
സർദാർ വല്ലഭായി പട്ടേലിൻ്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയിൽ നർമ്മദ നദീതീരത്തുള്ള പട്ടേൽ പ്രതിമയിൽ മോദി പുഷ്പാർച്ചന നടത്തി.ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും അദ്ദേഹം പങ്കെടുത്തു.