harpreeth-singh

ന്യൂഡൽഹി:എയർ ഇന്ത്യയുടെ (എ ഐ) സഹ കമ്പനിയായ അലയൻസ് എയറിന്റെ സി ഇ ഒയായി ഹർപ്രീത് എ ഡി സിംഗിനെ നിയമിച്ചു.ആദ്യമായിട്ടാണ് ഒരു വനിതയെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്.എയർ ഇന്ത്യയുടെ സിഎംഡി രാജീവ് ബൻസൽ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹർപ്രീത് സി ഇ ഒ സ്ഥാനത്ത് തുടരുമെന്ന് സിഎംഡി വ്യക്തമാക്കി.നിലവിൽ എ ഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹർപ്രീത് (ഫ്‌ലൈറ്റ് സേഫ്റ്റി). സീനിയര്‍ ക്യാപ്റ്റന്‍ നിവേദിത ഭാസിന് ഇനി ഈ ചുമതല നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ആരാണ് ഹർപ്രീത് സിംഗ്?

ഒരു ദേശീയമാദ്ധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 1988 ൽ എയർ ഇന്ത്യ തിരഞ്ഞെടുത്ത ആദ്യത്തെ വനിതാ പൈലറ്റാണ് ഹർപ്രീത് സിംഗ്. ആരോഗ്യപരമായ കാരണങ്ങളാൽ വിമാനം പറത്താൻ കഴിഞ്ഞില്ലെങ്കിലും, വിമാന സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിച്ചു. ഇന്ത്യൻ വനിതാ പൈലറ്റ് അസോസിയേഷന്റെ ഹെഡ് കൂടിയാണ് സിംഗ്.

അതേസമയം എയര്‍ ഇന്ത്യയിൽ സ്വകാര്യവത്കരണം യാഥാര്‍ഥ്യമായാലും അലൈന്‍സ് എയറിനെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.