
ഇടുക്കി: നരിയമ്പാറയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. സ്വയം തീകൊളുത്തിയ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പതിനേഴ് വയസുള്ള ദളിത് പെൺകുട്ടി ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
നരിയംപാറ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഡി വൈ എഫ് ഐ പ്രവർത്തകനുമായിരുന്ന മനു മനോജാണ് കേസിലെ പ്രതി. ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മനുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് ഒക്ടോബർ 22നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. 23-ന് പുലര്‍ച്ചെ പെണ്‍കുട്ടി വീട്ടിലെ ശുചിമുറിക്കുള്ളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.പുലര്‍ച്ചെയോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാളെ നരിയംപാറയിലെ വീട്ടിലെത്തിക്കും.