serum-institute

കൊവിഡുമായി ബന്ധപ്പെട്ട കഴിഞ്ഞയാഴ്ചയുണ്ടായ ചില സുപ്രധാന സംഭവങ്ങളാണ്
ഇത്തവണ റീക്യാപ് ഡയറിയിൽ

...............................................

കൊവിഡ് വാക്സിൻ ഡിസംബറിൽ

സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ഓക്സ്‌ഫോർഡ് കൊവിഡ് വാക്‌സിൻ ഡിസംബർ ആദ്യം രാജ്യത്ത് തയ്യാറാകുമെന്ന് കമ്പനി മേധാവി അദാർ പൂനവാലെ അറിയിച്ചത് കഴിഞ്ഞയാഴ്ചയാണ്.നൂറ് മില്യൺ (പത്ത്‌കോടി) ഡോസുകൾ ഉൾപ്പെട്ട ആദ്യ ബാച്ച് 2021ലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തിൽ ലഭ്യമാക്കും.

'പരീക്ഷണങ്ങൾ ഡിസംബറോടെ പൂർത്തിയാകും. ജനുവരിയിൽ വാക്‌സിൻ ഇന്ത്യയിൽ അവതരിപ്പിക്കും. ബ്രിട്ടനിൽ നടക്കുന്ന അവസാന ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്തുവിടുകയും വിശദാംശങ്ങൾ കൈമാറുകയും ചെയ്താൽ വാക്‌സിൻ സുരക്ഷിതമാണെന്ന ആത്മവിശ്വാസം ലഭിക്കും.

അതിനുശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കകം നമുക്ക് അടിയന്തര ലൈസൻസിനുവേണ്ടി ഇന്ത്യൻ അധികൃതരെ സമീപിക്കാം. നടപടിക്രമങ്ങൾ രണ്ടോ മൂന്നോ ആഴ്ച നീണ്ടേക്കാം. എന്നാലും ഡിസംബറോടെ വാക്‌സിൻ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകളൊന്നും ഇതുവരെ ഉയർന്നിട്ടില്ല. എല്ലാം നല്ലരീതിയിൽ മുന്നേറുന്നുവെന്നാണ് ആദ്യ സൂചനകൾ. വാക്‌സിനെക്കുറിച്ച് ദീർഘകാല അടിസ്ഥാനത്തിലുള്ള ധാരണ ലഭിക്കാൻ ഒന്നോ രണ്ടോ വർഷം വേണ്ടിവരുമെന്നും പൂനവാല പറഞ്ഞു.

ആരോഗ്യസേതു അനാഥനോ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോടിക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്ത ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാരെന്ന ചോദ്യത്തിന് കൈലമർത്തി കേന്ദ്ര സർക്കാർ. ആപ്പ് ആരു നിർമ്മിച്ചെന്നും ബാധകമായ നിയമങ്ങളെന്തെന്നും അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് ഉന്നയിച്ച ചോദ്യത്തിന് ഐ.ടി മന്ത്രാലയവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമാണ് (എൻ.ഐ.സി) ‘അറിയില്ല’ എന്ന ഉത്തരം നൽകിയത്.

തുടർന്ന്, ഇതു സംബന്ധിച്ചു ഹർജിയിൽ ഇൻഫർമേഷൻ കമ്മിഷണർ വനജ സർന രണ്ട് ഏജൻസികളോടും വിശദീകരണം ആവശ്യപ്പെട്ടു. ആപ്പ് വികസിപ്പിച്ചത് ഐ.ടി മന്ത്രാലയവും എൻ.ഐ.സിയുമാണെന്ന് ആരോഗ്യസേതു ആപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളപ്പോൾ മറിച്ചൊരുത്തരം നൽകിയതിനുള്ള വിശദീകരണമാണു ചോദിച്ചത്. സുതാര്യമായി, പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ റെക്കോർഡ് സമയത്തിനുള്ളിലാണ് ആപ്പ് തയ്യാറായതെന്ന കേന്ദ്ര വിശദീകരണം പിന്നാലെയെത്തി.

കൊവാക്‌സിൻ : മനുഷ്യ പരീക്ഷണത്തിന് കേരളം

കൊവിഡ് പ്രതിരോധത്തിന് ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം കേരളത്തിലും നടന്നേക്കും. രണ്ടുഘട്ടങ്ങളിലെ പരീക്ഷണം നടന്ന 12സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെട്ടിരുന്നില്ല. മൂന്നാംഘട്ടം 30 കേന്ദ്രങ്ങളിൽ നടത്താനാണ് ഐ.സി.എം.ആറും വാക്‌സിൻ വികസിപ്പിക്കുന്ന തെലങ്കാനയിലെ ഭാരത് ബയോടെക്ക് ഇന്ത്യയും തീരുമാനിച്ചിരിക്കുന്നത്. 26,000 പേർക്ക് വാ‌ക്‌സിൻ നൽകുന്ന ഈ ഘട്ടത്തിലാണ് കേരളത്തെയും പരിഗണിക്കുന്നത്.

വാ‌ക്‌സിൻ പരീക്ഷണത്തിന് കേരളം സന്നദ്ധത അറിയിച്ചതിന് പിന്നാലെ ഇതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ നടപടി തുടങ്ങി. ഐ.സി.എം.ആർ, ഭാരത് ബയോടെക് പ്രതിനിധികൾ സംസ്ഥാന ആരോഗ്യവകുപ്പുമായി ചർച്ചചെയ്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തും. പൂർണ ആരോഗ്യമുള്ള 18വയസിന് മുകളിലുള്ളവരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്.

പോസ്റ്റ് കൊവിഡ് ക്ലിനിക്

കൊവിഡിന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച മാർഗനിർദേശം കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ക്ലിനിക്കുകൾ തുടങ്ങാനാണ് നിർദേശം. ഗുരുതര ലക്ഷണങ്ങളുള്ളവരെ താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ റഫർ ചെയ്യും. വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. കൊവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കൽ പരിശോധന നടത്തണം.

കൊവിഡ് മരണം: പിന്നിൽ വായു മലിനീകരണവും

ലോകത്തെ കൊവിഡ് മരണങ്ങളിൽ 15 ശതമാനം സംഭവിച്ചത് വായു മലിനീകരണത്തിന്റെ കൂടി ഫലമാണെന്ന് പഠന റിപ്പോർട്ട്. ജർമ്മനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിസ്ട്രിയിലെ ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്.പല കാലങ്ങളായുള്ള വായു മലിനീകരണം പൊതുജനങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്. കൊവിഡ് കൂടി പിടിപെട്ടതോടെ ശ്വാസകോശ രോഗം വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

വാതക - മനുഷ്യ നിർമ്മിത മലിനീകരണങ്ങളും ഇക്കൂട്ടത്തിൽപ്പെടുമെന്നാണ് ഗവേഷകർ പറയുന്നത്. ലോകത്താകമാനമുള്ള കൊവിഡ് മരണങ്ങളിൽ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.