
തിരുവനന്തപുരം: ഭരണപരമായും സംഘടനാപരമായും ഉയർത്തിയ മുദ്രാവാക്യങ്ങൾ സി പി എമ്മിനെയും സർക്കാരിനെയും തിരിഞ്ഞ് കൊത്തുന്ന കാലമാണിത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് യു ഡി എഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിച്ച കാര്യങ്ങളൊക്കെയും ചില പരമാർശങ്ങൾ വരെ സി പി എം നേതാക്കൾക്ക് ഇന്ന് തലവേദനായി മാറുകയാണ്. കേരളം മുഴുവൻ സമര കോലാഹലം സൃഷ്‌ടിച്ച ബാർക്കോഴ സമരവും മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും എല്ലാം മറന്ന് ജോസ് കെ മാണിയെ ചുവന്ന പരവതാനി വിരിച്ച് മുന്നണിയിലേക്ക് സ്വീകരിച്ചിട്ട് അധിക കാലമായിട്ടില്ല.
സോളാർ കാലത്ത് മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ അന്ന് ഉപയോഗിച്ച പല വാക്കുകളും ഇന്ന് അദ്ദേഹത്തെ തിരിച്ചടിക്കുകയാണ്. ഫേസ്ബുക്ക് അടക്കമുളള സമൂഹമാദ്ധ്യമങ്ങളിൽ പിണറായിയെ ട്രോളാൻ കോൺഗ്രസുകാർ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ പഴയ വാക്കുകളെയാണ്. ഇതിനെയൊക്കെ മറികടക്കാൻ സി പി എമ്മും മുഖ്യമന്ത്രിയും ഉയർത്തുന്ന വാദങ്ങൾ ദുർബലമാണ്.
സോളാർ വിവാദം ആളിക്കത്തുന്ന 2013 ജൂൺ 30ന് അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസ് ഒരു തട്ടിപ്പിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നു. തട്ടിപ്പ് നടത്തിയെന്ന് പേഴ്‌സണൽ സ്റ്റാഫിന്റെ മൊഴി സ്ഥിരീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മൻചാണ്ടിയുടെ രാജി അനിവാര്യമായിരിക്കുകയാണ്. ഇത് ഏതെങ്കിലും മാദ്ധ്യമ വാർത്തയായുള്ളതല്ല. അന്വേഷണ ഏജൻസിക്ക് ലഭിച്ച മൊഴിയും തെളിവുകളുമാണ്. അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചുകഴിഞ്ഞു. അതിന്റെ ആദ്യപടിയായാണ് മുഖ്യമന്ത്രിയുടെ പി.എ. ആയിരുന്ന ജോപ്പനെ ജയിലിലടച്ചത്. ജോപ്പനെതിരേ കേസുവന്നത് ഈ തട്ടിപ്പുസംഘം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനകേന്ദ്രമാക്കിയതിന് ഫലമായിരുന്നു.'
അതേസമയം ഇന്ന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ തന്നേയും തന്റെ ഓഫീസിനെയും ചുറ്റിപ്പറ്റിയുളള ആരോപണത്തെ നേരിടുന്നത് ഇങ്ങനെയാണ്. 'ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവൻ സർക്കാരിന്റെ തലയിൽ കെട്ടിവച്ച് സർക്കാരിനുമേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടക്കുന്നത്. കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങൾക്കിടയിൽ (ശിവശങ്കറിന്റെ അറസ്റ്റ്) അതിന്റെ തീവ്രത കൂട്ടാനുള്ള ശ്രമവുമുണ്ട്. ഒരു കാര്യം വ്യക്തമാക്കാനുണ്ട്. നേരത്തേ വ്യക്തമാക്കിയതുമാണ്. ഈ സർക്കാർ ഒരഴിമതിയും വാഴിക്കില്ല. അഴിമതിക്കാരെ സംരക്ഷിക്കുകയുമില്ല. ഈ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ഒന്നും തന്നെയില്ല.'
സോളാർ കാലത്ത് തന്നെ പിണറായി നടത്തിയ മറ്റൊരു പരമാർശം ഇങ്ങനെ. ‘മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫിസ്, കോൺഫറൻസ് ഹാൾ ഇതെല്ലാം തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചിരിക്കുകയാണ്. ഇതേവരെ ധാർമിക– രാഷ്ട്രീയ വശം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇതോടെ അതെല്ലാം മാറി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മൻ ചാണ്ടിയുടെ രാജി അനിവാര്യമായിരിക്കുകയാണ്.’
തൊഴിലാളി വർഗ പാർട്ടിയായ സി പി എമ്മിന്റെ 2009ലെ തെറ്റുതിരുത്തൽ രേഖ പരിശോധിച്ചാൽ മനസിലാകുന്നത് പാർട്ടി സെക്രട്ടറിയുടെ കുടുംബം പോലും അതനുസരിച്ചില്ല എന്നാകും. രേഖയിൽ പറഞ്ഞത് എന്താണോ അതിന് നേർ വിപരീതമായാണ് ഓരോ കാര്യവും ബിനീഷിൽ എത്തി നിൽക്കുന്നത്.
'ചില പാർട്ടി അംഗങ്ങൾക്കെതിരേ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പരാതി ഉയർന്നുവരാറുണ്ട്. പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പദവികൾ ഉപയോഗിച്ച് അന്യായമായത് നേടിയെടുക്കാനും സ്വത്ത് സമ്പാദിക്കാനുമുളള നടപടികൾ അരുത്.' എന്നായിരുന്നു തെറ്റ് തിരുത്തൽ രേഖയിൽ പാർട്ടി വ്യക്തമാക്കിയിരുന്നത്.
2015ൽ പാലക്കാട് നടന്ന സി പി എം പ്ലീനത്തിൽ പാർട്ടി ദിവസങ്ങൾ ചർച്ച ചെയ്‌തെടുത്ത തീരുമാനം ഇങ്ങനെയാണ് 'മദ്യപാനം, റിയൽ എസ്റ്റേറ്റ്, ബ്ലേഡ് കമ്പനി എന്നിവയുള്ള സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് ഫലത്തിൽ നേതൃത്വം തെറ്റിന് കൂട്ടുനിൽക്കലാണ്. തെറ്റിന് കൂട്ടുനിൽക്കലും തെറ്റുചെയ്യുന്നതു പോലെയാണ്. ഒരു സഖാവ് വരവിൽക്കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയാൽ അത് പാർട്ടിയെ ആകെ അപകീർത്തിപ്പെടുത്തും.'
പ്ലീനത്തിലെ റിപ്പോർട്ട് വായിച്ച ശേഷം കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ചെറുതും വലുതുമായ ആരോപണങ്ങൾ ഉയരുമ്പോഴും ബിനീഷിനെ കണ്ടില്ലെന്ന നടിക്കുകയായിരുന്നോ പാർട്ടി എന്ന ചോദ്യം ചോദിക്കാൻ തുടങ്ങും മുമ്പേ അടുത്ത ന്യായീകരണം റെഡിയായിരിക്കും. ബിനീഷിന്റെ അറസ്‌റ്റ് സി പി എമ്മിനെ ബാധിക്കുന്ന കാര്യമേയല്ലെന്നും സെക്രട്ടറിയുടെ മകന്റെ പ്രവർത്തനം പാർട്ടി വിഷയവുമല്ല എന്നായിരിക്കും ഇടതു മുന്നണി കൺവീനർ അടക്കമുളളവരുടെ പ്രതികരണം.