
ലഖ്നൗ: വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അംഗീകരിക്കാവുന്ന കാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. മതസ്വാതന്ത്ര്യത്തിനായി വിവാഹത്തിന് മൂന്ന്മാസത്തിന് ശേഷം ദമ്പതികൾ നൽകിയ ഹർജിയിലെ ഉത്തരവിലാണ് കോടതി ഇങ്ങനെ പറഞ്ഞത്. വിവാഹശേഷം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്‌ത മുസ്ളീം സ്‌ത്രീയാണ് ഹർജി സമർപ്പിച്ചത് .
വിവാഹത്തിന് ഒരുമാസം മുൻപ് വനിത ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്‌തു. ഇതിനുശേഷം തങ്ങളുടെ വിവാഹ ജീവിതത്തിൽ ബന്ധുക്കൾ ഇടപെടരുതെന്ന് കോടതി നിർദ്ദേശിക്കണമെന്ന് കാട്ടി ഇവർ റിട്ട് ഹർജി സമർപ്പിച്ചിരുന്നത് കോടതി തളളി. ജൂൺ മാസത്തിൽ മതം മാറിയ ശേഷം ജൂലായ് മാസത്തോടെ വിവാഹിതരായെന്നും ഇത് വിവാഹത്തിനുവേണ്ടി മതം മാറിയത് തന്നെയാണെന്നും കോടതി ഹർജി തളളിക്കൊണ്ടുളള ഉത്തരവിൽ പറയുന്നു. 2014ലും വിവാഹത്തിനു വേണ്ടി മതപരിവർത്തനം നടത്തുന്നതിനെ കോടതി എതിർത്തിട്ടുണ്ടെന്ന് ജഡ്‌ജി മഹേഷ് ചന്ദ്ര ത്രിപാഠി വ്യക്തമാക്കി.
പുരുഷനൊപ്പം ജീവിക്കാനായി സ്‌ത്രീകളുടെ വിശ്വാസങ്ങളെ അകറ്റി നിർത്തുന്നത് നിയമപരമായി വിവാഹമെന്ന് പറയാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതാത് പ്രദേശത്തെ മജിസ്‌ട്രേറ്റുമാരുടെ മുന്നിൽ ഹാജരായി മൊഴിനൽകാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അറിയിച്ചു.