
തിരുവനന്തപുരം: ഇൻകെൽ എം ഡി എം.പി ദിനേശ് ഐ പി എസിനെ സംസ്ഥാന സർക്കാർ പുറത്താക്കി. ഡയറക്‌ടർ ബോർഡിന്റെ പരാതിയെ തുടർന്നാണ് നടപടി. ബി പി സി എൽ മുൻ ചീഫ് ജനറൽ മാനേജർ മോഹൻലാലിനാണ് പകരം ചുമതല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇൻകെലിൽ എത്തുന്ന നാലാമത്തെ എം ഡിയാണ് മോഹൻലാൽ.
വ്യവസായ വകുപ്പിന് കീഴിൽ സർക്കാരിന്റെ മുപ്പത് ശതമാനം ഓഹരിയുളള സ്ഥാപനമാണ് ഇൻകെൽ. ജൂൺ മാസം 26ന് എം ഡിയായി ചുമതലയേറ്റ ദിനേശിന് മൂന്ന് മാസം മാത്രമാണ് കസേരയിൽ ഇരിക്കാനായത്. ഡയറക്‌ടർ ബോർഡിലെ സ്വതന്ത്ര ഡയറക്‌ടറക്കമുളളവർ മന്ത്രിക്ക് നൽകിയ പരാതിയാണ് ദിനേശിനെ മാറ്റാൻ കാരണം.
മൂന്നരലക്ഷം രൂപയായിരുന്നു ഇൻകെലിൽ എം ഡിയുടെ ശമ്പളം. ദിനേശ് ചുമതലയേറ്റെടുത്തപ്പോൾ കൊവിഡ് സമയമായതിനാൽ അത്രയും രൂപ എം ഡിക്ക് നൽകേണ്ടതില്ലെന്ന് ഡയറക്‌ടർ ബോർഡ് തീരുമാനമെടുത്തു. എന്നാൽ തനിക്ക് പഴയ ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് ദിനേശ് നടത്തിയ നീക്കങ്ങൾ അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു.
തുടർന്ന് ഡയറക്‌ടർ ബോർഡ് നൽകിയ പരാതി വ്യവസായ മന്ത്രി ഇ പി ജയരാജൻ അംഗീകരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇൻകെലിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ നടപടിയെന്നും ആക്ഷേപമുണ്ട്.