
ന്യൂഡൽഹി: കൊവിഡ് രോഗബാധ ലോകത്തെയാകെ ആശങ്കയിലാഴ്‌ത്താൻ തുടങ്ങിയിട്ട് പത്തോളം മാസമായി. രോഗത്തെ ചെറുക്കാനുളള വാക്‌സിന് വേണ്ടിയുളള കാത്തിരുപ്പിലാണ് ലോകം. പ്രത്യൗഷധങ്ങൾ വഴിയോ പ്ളാസ്‌മാ തെറാപ്പിയിലൂടെയോ രോഗത്തെ അകറ്റാനാകുമോ എന്നുളള ശ്രമവും നടക്കുന്നുണ്ട്. ഈ സമയത്ത് കൊവിഡ് ചികിത്സാ രംഗത്ത് പ്രത്യാശ നൽകുന്ന ഒരു വാർത്ത പുറത്ത് വരികയാണ്. ആന്റിബോഡി ചികിത്സ തേടിയ കൊവിഡ് രോഗബാധിതർക്ക് രോഗ ലക്ഷണങ്ങൾ കുറയുന്നതായും ഈ ചികിത്സ തേടാത്തവരെക്കാൾ ആശുപത്രിവാസവും അടിയന്തിര ചികിത്സയും ആന്റിബോഡി ചികിത്സ തേടുന്നവരിൽ കുത്തനെ കുറഞ്ഞെന്നും ഒരു പഠനത്തിലൂടെ കണ്ടെത്തി.
നിലവിൽ ആന്റിബോഡി മരുന്ന് പരീക്ഷണം രണ്ടാംഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഇടക്കാല ഫലം ന്യൂ ഇംഗ്ളണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് ഭേദമായ ആളിൽ നിന്നും വേർതിരിച്ചെടുത്ത് രൂപപ്പെടുത്തിയ എൽവൈ-കോവ് 555 എന്ന ആന്റിബോഡിയാണ് പരീക്ഷണം തുടരുന്നത്. ആശുപത്രിവാസത്തിൽ കുറവുണ്ടാക്കാൻ ആന്റിബോഡി ചികിത്സ സഹായിക്കുമെന്നത് പ്രധാന കണ്ടെത്തലാണെന്ന് അമേരിക്കയിലെ കേഡർസ്-സിനായി മെഡിക്കൽ സെന്ററിലെ ആരോഗ്യ വിദഗ്‌ദ്ധൻ പീറ്റൻ ചെൻ പറഞ്ഞു.
കൊവിഡ് രോഗകാരി വൈറസിനോട് ചേരുകയും അവ പടരുന്നതിൽ നിന്ന് തടയുകയുമാണ് മോണോക്ളോണൽ ആന്റിബോഡി ചെയ്യുകയെന്ന് വിദഗ്‌ധർ പറയുന്നു. മനുഷ്യശരീരത്തിൽ ഇരട്ടിക്കുന്ന പ്രോട്ടിനിനോടാണ് ഈ ആന്റിബോഡി ചേരുന്നത്. ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുകയും രോഗത്തെ തോൽപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു.
രോഗികൾക്ക് കുത്തിവയ്‌പ്പിലൂടെ 700,2800,7000 മില്ലിഗ്രാമുകളിൽ ആന്റിബോഡി നൽകുന്നു. ഒന്നോ മൂന്നോ ലോഡ് ആന്റിബോഡി ചെല്ലുമ്പോഴേക്കും വൈറൽ ലോഡിൽ താരതമ്യേന കുറവ് വരുന്നുണ്ട്. മൂക്കിൽ നിന്നുമുളള സ്രവ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പഠനം അനുസരിച്ച് 100 പേർക്ക് വീതം ഓരോ തരം ആന്റിബോഡിയും കുത്തിവച്ചു. 2800മില്ലിഗ്രാം ഡോസ് കുത്തിവെച്ചവരിൽ രോഗകാരി വൈറസ് വളരെയധികം കുറവുണ്ടെന്ന് കണ്ടെത്തി. ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ മതിയായ ഗവേഷണങ്ങൾ വേണ്ടതുണ്ട്.
ആന്റിബോഡി കുത്തിവച്ച് 29 ദിവസം കഴിഞ്ഞശേഷം ആശുപത്രിയിൽ അഡ്‌മിറ്റ് ആയവരുടെ കണക്ക് 1.6 ശതമാനവും പ്ളാസിബോ കുത്തിവച്ചവരിൽ 6.3 ശതമാനവുമാണ്. ഹൈറിസ്‌ക് കാറ്റഗറിയിൽ പെട്ടവരിൽ 4.2 % പേർക്കും പ്ളാസിബോ ചികിത്സ തേടിയവരിൽ14.6 ശതമാനം പേർക്കും മാത്രമാണ് ആശുപത്രിവാസം വേണ്ടിവന്നത്.