earthquake

അങ്കാറ: തുർക്കിയിലും ഗ്രീസിലും ഇന്നലെ അനുഭവപ്പെട്ട ഭൂചലനത്തിൽ 26 മരണം. തുർക്കിയിലാണ് 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണ നിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങളിലുമായി 800 ഓളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം.

ഗ്രീക്ക് ദ്വീപായ സാമോസിന് വടക്കുഭാഗത്തായാണ് ഭൂകമ്പമാപിനിയിൽ തീവ്രത 7.0 രേഖപ്പെടുത്തിയ വൻഭൂചലനമുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് ഈജിയൻ കടലിലെ ദ്വീപായ സമോസിൽ തീവ്രത കുറഞ്ഞ സുനാമി ഉണ്ടായതായും നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടായതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പടിഞ്ഞാറൻ ഇസ്മിർ പ്രവിശ്യയുടെ തീരത്ത് നിന്ന് 17 കിലോമീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ദൂരപ്രദേശങ്ങളായ ഏതൻസിലും ഇസ്താംബൂളിലും ഭൂചലനം അനുഭവപ്പെട്ടതായും യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചതായി ബി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

തുർക്കിയിലെ ഈജിയൻ തീരമേഖലാ നഗരമായ ഇസ്മിറിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. വലിയ കെട്ടിട സമുച്ചയം തകർന്നു വീഴുന്നതിന്റെയും ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. 25ഓളം കെട്ടിടങ്ങൾ തകർന്നെന്ന് ഇസ്മിർ മേയർ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇസ്മിറിലെ കെട്ടിടങ്ങൾക്കിടയിലൂടെ വെള്ളം ഒഴുകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്നും ജനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും തുർക്കി പ്രസിഡന്റ് റെസെപ് ടയ്യിപ് എർദോഗൻ ട്വീറ്റ് ചെയ്തു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് ഇന്നലെ മാത്രം 70 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഗ്രീസിൽ ഭൂകമ്പം അനുഭവപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ട് പുറത്തിറങ്ങി. നിരവധി കെട്ടിടങ്ങളാണ് ഭാഗികമായി തകർന്നത്. കൂടാതെ, നിരവധി കെട്ടിടങ്ങളുടെ ഭിത്തികളിൽ വിള്ളൽ വീണു.

 തുർക്കിയിൽ 1999 ൽ ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 17,000 പേർ മരിച്ചിരുന്നു. ഇസ്താംബൂളിൽ മാത്രം ആയിരത്തിലധികം പേർ മരിച്ചു.

 2011 ൽ തെക്കു കിഴക്കന്‍ പ്രവിശ്യയായ വാനിലുണ്ടായ ഭൂചലനത്തിൽ 600 പേർ മരിച്ചു.

 ഗ്രീസിൽ 2017 ലുണ്ടായ ഭൂചലനത്തിൽ സമോസിന് സമീപമുള്ള കോസ് ദ്വീപിൽ രണ്ടുപേർ മരിച്ചിരുന്നു.