airplane

മനുഷ്യരാശിയുടെ ഗതി തന്നെ തിരിച്ചുവിട്ട ചക്രം എന്ന കണ്ടുപിടുത്തത്തിന് ശേഷം ലോകത്ത് വമ്പന്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്ന കണ്ടുപിടുത്തങ്ങളില്‍ ഒന്നാകും പറക്കും കാര്‍. ധാരാളം കമ്പനികളാണ് പറക്കും കാര്‍ തയ്യാറാക്കാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. ഇതില്‍ പാല്‍-വി ലിബര്‍ട്ടി, യൂബെര്‍ എയര്‍ വിടോല്‍, എയര്‍ബസ് തുടങ്ങിയവയാണ് അടുത്ത കാലത്തെങ്കിലും യാഥാര്‍ഥ്യമാകും എന്ന പ്രതീക്ഷ നല്‍കിയിട്ടുള്ളത്. അതേസമയം, സ്ലോവാക്കിയില്‍ നിന്നും ഇപ്പോള്‍ പുത്തൻ ഒരു താരം കൂടെയെത്തിയിട്ടുണ്ട്.

ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ വീഡിയോ സഹിതമാണ് 'എയര്‍ കാര്‍' എത്തിയിരിക്കുന്നത്. സ്ലോവാക്യന്‍ കമ്പനിയായ ക്ലെയിന്‍ വിഷന്‍ ആണ് എയര്‍ കാറിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. റണ്‍വെയിലേക്ക് ഓടിച്ചെത്തുന്ന കാര്‍ നിര്‍ത്തിയതിന് ശേഷം കാറില്‍ നിന്നും പറക്കാന്‍ ആവശ്യമായ വിങ്ങുകള്‍ പുറത്തേക്ക് വരുന്നു. പിന്നീട് ഏതൊരു വിമാനത്തെയും പോലെ റണ്‍വെയിലൂടെ മുന്‍പോട്ട് നീങ്ങിയാണ് ഒടുവില്‍ ആകാശത്തേക്ക് പൊങ്ങുന്നത്. 1500 അടി പൊങ്ങിപ്പറന്നതിനു ശേഷം സുരക്ഷിതമായി പറന്നിറങ്ങുന്നതും, പിന്നീട് ചിറകുകള്‍ വാഹനത്തിനുള്ളിലേക്ക് കയറിപ്പോകുന്നത്തുമെല്ലാം വീഡിയോയിലുണ്ട്. 2.25 സെക്കന്റ് ദൈര്‍ഖ്യമുള്ള വീഡിയോ വൈറല്‍ ആവാന്‍ അധികം സമയം വേണ്ടി വന്നില്ല.


പ്രൊഫസര്‍ സ്റ്റെഫാന്‍ ക്ലൈന്‍ ആണ് എയര്‍ കാറിന് പിന്നിലെ കുശാഗ്രബുദ്ധി. പറക്കും കാര്‍ വികസിപ്പിക്കുന്നതിന് അതിന്റേതായ വെല്ലുവിളികളുണ്ട്. ഇതില്‍ പ്രധാനമാണ് ഭാരം കുറയണം എന്നുള്ളത്. ക്ലീനും സംഘവും ഇതിനായി കാറില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ഘടിപ്പിച്ചത്. മാത്രമല്ല ഭാരക്കുറവുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ഒടുവില്‍ എയര്‍ കാറിന്റെ ഭാരം 1099 കിലോഗ്രാം മാത്രം. വാഹന ഭാരം കൂടാതെ 200 കിലോഗ്രാം ഭാരവുമായി പറക്കാനുള്ള കാപ്പാസിറ്റിയും എയര്‍ കാറിനുണ്ട്.


പറന്നു പൊങ്ങാന്‍ എയര്‍ കാറിന് റണ്‍വേ ആവശ്യമാണ്. 984 അടി ഉയരത്തില്‍ നിന്ന് പറന്നുയരുകയും യാതൊരു ബുദ്ധിമുട്ടും കൂടാതെ സുഗമമായി ഇറങ്ങുകയും ചെയ്യുന്നു. അടുത്ത ആറുമാസത്തിനുള്ളില്‍ എയര്‍ കാര്‍ വില്‍പ്പനയ്ക്ക് എത്താനൊരുങ്ങുകയാണ് കമ്പനി. ഇതിനായുള്ള ചര്‍ച്ചയുടെ അന്തിമ ഘട്ടത്തിലാണ് സ്റ്റെഫാന്‍ ക്ലൈനും സംഘവും.