
ന്യൂഡൽഹി : ബീഹാറിൽ ഭരണത്തിലെത്തിയാൽ വികസനം സാദ്ധ്യമാക്കുമെന്ന് പറയുന്ന കോൺഗ്രസ് - ആർ.ജെ.ഡി മഹാസഖ്യത്തെ പരിഹസിച്ച് ബി.ജെ.പി ദേശിയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. സോനെപൂരിൽ നടന്ന റാലിയ്ക്കിടെയാണ് നദ്ദയുടെ പരാമർശം.
' ആർ.ജെ.ഡി അരാജകത്വവാദികളുടെ പാർട്ടിയാണ്. കോൺഗ്രസ് ദേശവിരുദ്ധ പാർട്ടിയാണ്. ഇതാണ് ബീഹാറിലെ മഹാസഖ്യം. ഈ സഖ്യത്തിന് സംസ്ഥാനത്ത് വികസനം ഉറപ്പാക്കാനാകുമോ ? ' നദ്ദ ചോദിച്ചു. ' ഇറ്റാലിയൻ ' ഗവൺമെന്റിനെയാണോ അതോ ' എൽ.ഇ.ഡി ' സർക്കാരിനെയോണോ ബീഹാറിലെ ജനങ്ങൾക്ക് വേണ്ടതെന്നും നദ്ദ പരിഹസിച്ചു.
19 ലക്ഷം തൊഴിൽ എന്ന ബി.ജെ.പി വാഗ്‌ദ്ധാനം ഉദ്ദേശിക്കുന്നത് 19 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണെന്നും ബീഹാറിലെ ഒരാൾക്ക് ജോലി ലഭിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് ജോലി നൽകാൻ സാധിക്കുമെന്നും നദ്ദ വ്യക്തമാക്കി. ഫിഷറീസ് ഉൾപ്പെടെയുള്ള മേഖലകളെ തങ്ങൾ പ്രോത്സാഹിപ്പിക്കും.
അതേസമയം, ആർ.ജെ.ഡി തങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന 10 ലക്ഷം തൊഴിലവസരങ്ങളെ നദ്ദ വിമർശിക്കുകയും ചെയ്തു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സൃഷ്ടിച്ചത് ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണെന്ന് നദ്ദ പറഞ്ഞു.
പുൽവാമ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്നുള്ള അടുത്തിടെ നടന്ന വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും നദ്ദ കടന്നാക്രമിച്ചു. ആക്രമണത്തെ സംബന്ധിച്ച് തെളിവുകൾ ഇല്ലെന്ന് കാട്ടി രാഹുൽ മുമ്പ് ഉന്നയിച്ച ആരോപണങ്ങളാണ് നദ്ദ ആയുധമാക്കിയത്. മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബർ 28ന് കഴിഞ്ഞു. നവംബർ മൂന്നിനാണ് രണ്ടാം ഘട്ടം. ഏഴിന് അവസാനഘട്ടം നടക്കും. നവംബർ 10നാണ് വോട്ടെണ്ണൽ.