
ന്യൂഡൽഹി: ക്രിക്കറ്റിൽ ഒരുപാട് ഇതിഹാസങ്ങളുണ്ട്; പക്ഷേ, 'ദൈവം" ഒന്നേയേുള്ളൂ. സാക്ഷാൽ, സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റിൽ ഒരിക്കലും തകർക്കപ്പെടില്ലെന്ന് വിദഗ്ദ്ധർ വാദിക്കുന്ന ഒട്ടേറെ റെക്കാഡുകളുടെ ഈ തോഴൻ, വിരമിച്ചിട്ട് വർഷം ഏഴായി. ക്രിക്കറ്റ് മത്സരങ്ങളോട് വിടപറഞ്ഞ സച്ചിൻ പക്ഷേ, തന്റെ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ബ്രാൻഡുകളുടെ ലോകത്ത് തകർപ്പൻ ഫോമിൽ കളിക്കുകയാണ്.
വിരമിച്ച താരമായിട്ടും പരസ്യ ചിത്രങ്ങളിൽ സജീവമാണ് സച്ചിൻ. ക്രിക്കറ്റിൽ സജീവമായിരുന്നപ്പോൾ 20ലേറെ ബ്രാൻഡുകളുടെ അംബാസഡറായിരുന്നു അദ്ദേഹം. 2016ൽ 25 കമ്പനികളുടെ ബ്രാൻഡ് അംബാസഡർ സ്ഥാനം അദ്ദേഹം വച്ചിരുന്നു. നിലവിൽ 18 ബ്രാൻഡുകളാണ് സച്ചിനുമായി സഹകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒമ്പതുകോടിയോളം ഫോളാേവേഴ്‌സ് ഉണ്ടെന്നതും സച്ചിന്റെ ബ്രാൻഡ് മൂല്യം ഉയർത്തുന്നുണ്ട്.
'ദൈവത്തിന്റെ"
ബ്രാൻഡുകൾ
ക്രിക്കറ്റിൽ സജീവമായിരുന്നപ്പോൾ ബൂസ്‌റ്റ്, പെപ്‌സി, കോക്ക് (കൊക്ക-കോള), ബ്രിട്ടാനിയ, സൺഫീസ്‌റ്റ്, ആഡിഡാസ്, ആക്‌ഷൻ ഷൂസ് തുടങ്ങിയ ബ്രാൻഡുകളുമായാണ് അദ്ദേഹം സഹകരിച്ചിരുന്നത്. ''ബൂസ്‌റ്റ് ഈസ് ദ സീക്രട്ട് ഒഫ് മൈ എനർജി" എന്ന സച്ചിന്റെ പരസ്യവാചകം പ്രസിദ്ധമാണ്.
വിരമിക്കലിന് ശേഷം, ബി.എം.ഡബ്ല്യു, യൂണിസെഫ്, ജില്ലറ്റ്, ഡി.ബി.എസ് ബ്രാൻഡ്, പേടിഎം തുടങ്ങിയവയ്ക്കൊപ്പമാണ് സച്ചിൻ.
കോലിയും ധോണിയും
ക്രിക്കറ്റ് താരങ്ങളിൽ ക്യാപ്‌റ്റൻ വിരാട് കോലിയാണ് 1,771 കോടി രൂപയുടെ ബ്രാൻഡ് മൂല്യവുമായി ഒന്നാമത്. 25 ബ്രാൻഡുകളുടെ അംബാസഡറാണ് അദ്ദേഹം. 33 ബ്രാൻഡുകളെ പിന്തുണയ്ക്കുന്ന മുൻ ക്യാപ്‌റ്റൻ എം.എസ്. ധോണിയുടെ മൂല്യം 307 കോടി രൂപ. ഇരുവരും ഇപ്പോഴും ക്രിക്കറ്റിൽ സജീവമാണ്. വിരമിച്ചിട്ടും സച്ചിന് ഇപ്പോഴും 185 കോടി രൂപയുടെ മൂല്യമുണ്ട്.