mekkah

റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്കിലെ (ഹറം പള്ളി) പ്രധാന വാതിലിലേയ്ക്ക് കാർ ഇടിച്ചു കയറി. സംഭവത്തിന് പിന്നാലെ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കാർ ഹറം പള്ളിയ്ക്കു മുന്നിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സൗദി പ്രസ് ഏജൻസി ശനിയാഴ്ച അറിയിച്ചു.
രാവിലെ 10.30ഓടെ ഗ്രാൻഡ് മോസ്കിനു ചുറ്റുമുള്ള സതേൺ സ്ക്വയറിലൂടെ വലിയ വേഗത്തിലെത്തിയ കാർ പള്ളിയുടെ മുന്നിലുള്ള ബാരിക്കേഡുകൾ തകർത്ത് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെന്ന് മക്ക ഔദ്യോഗിക വക്താവ് സുൽത്താൻ അൽ ദോസരിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. കാർ ഡ്രൈവർ സൗദി അറേബ്യൻ പൗരനാണെന്നും ഇയാൾ സ്വബോധത്തിലായിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. ഇയാളെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ ഹാജരാക്കുമെന്ന് അറിയിച്ചു.