
ഒരു വീട് സ്വന്തമാക്കുക എന്നുള്ളത് എല്ലാവരുടേയും മോഹമാണ്. തങ്ങളുടെ മുഴുവൻ സമ്പാദ്യവും വീട് നിർമ്മാണത്തിനായി ചെലവഴിക്കുന്നവരുണ്ട്. എന്നാൽ, ബ്രാൻഡഡ് കോഫിയേക്കാൾ കുറഞ്ഞ വിലയ്ക്ക് വീടുകൾ ലേലത്തിന് വച്ചിരിക്കുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. ഇറ്റാലിയൻ നഗരമായ സലേമിയിൽ ഒരു യൂറോയ്ക്കാണ് വീടുകൾ ലേലത്തിന് വച്ചിരിക്കുന്നത്. അതായത് വെറും 86 രൂപയ്ക്ക്. ഒരു ഡസനോളം വീടുകളാണ് വിൽപ്പനയ്ക്കൊരുങ്ങുന്നത്. ഈ നഗരത്തിൽ ജനവാസം തീരെ കുറഞ്ഞതിനാൽ കൂടുതൽ പേരെ ഇങ്ങോട്ട് ആകർഷിക്കാനായാണ് പുതിയ തീരുമാനം. കഴിഞ്ഞ 50 വർഷമായി സലേമി നഗരത്തിലെ ജനസംഖ്യ ഗണ്യമായി കുറയുകയാണ്. 1968ൽ ഈ പ്രദേശത്ത് ഭൂചലനം ഉണ്ടായതിനു പിന്നാലെയാണ് ഇവിടെ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോവാൻ തുടങ്ങിയത്. നഗരത്തിൽ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് വീടുകൾ ലേലത്തിന് വച്ചിരിക്കുന്നത്. കുറഞ്ഞ വില മാത്രമല്ല, മറ്റ് പല സവിശേഷതകളും ഈ വീടുകൾക്കുണ്ട്. സലേമിയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്താണ് ഈ വീടുകളുള്ളത്. പഴയ മോഡൽ വീടുകളായതിനാൽ ഇവയിൽ മിക്കവയ്ക്കും ബാൽക്കണിയുണ്ട്. ബാൽക്കണിയിൽ നിന്നും നഗരത്തിലെ മനോഹരമായ താഴ്‌വരയും കാണാനാവും. അതേസമയം വെറും ഒരു യൂറോയ്ക്ക് മാത്രം വീടു സ്വന്തമാക്കാനാവില്ല. വീടിനായി അപേക്ഷ സമർപ്പിക്കുമ്പോൾ എങ്ങനെയാണ് ഇവ പുനരുദ്ധാരണം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ഒപ്പം 3000 ഡോളറിന്റെ നിക്ഷേപവും ഇതിനായി നടത്തണം. ( 2,60,692ഇന്ത്യൻ രൂപ). ഗ്യാരണ്ടിയായി നൽകുന്ന ഈ തുക വീടുകൾ പുനരുദ്ധാരണം ചെയ്തു കഴിഞ്ഞാൽ തിരികെ ലഭിക്കും. ഇന്ന് മുതൽ ലേലം ആരംഭിക്കും.
 സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്. മുന്തിരിത്തോട്ടങ്ങൾ, ഒലിവ് തോട്ടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട സലേമിയിലെ ചില വീടുകൾ 1600കളിലെ പുരാതന നഗര മതിലുകളാൽ ചുറ്റപ്പെട്ടതാണ്. 1968ൽ ബെലിസ് വാലി ഭൂകമ്പം ഏൽപ്പിച്ച ആഘാതത്തെത്തുടർന്ന് നാലായിരത്തിൽപ്പരം പേർ പട്ടണത്തിൽനിന്നു പാലായനം ചെയ്തിരുന്നു. അന്നു തൊട്ട് ആൾപ്പാർപ്പില്ലാതെ, മരൂഭൂമിയ്ക്ക് സമാനമാണ് സലേമിയുടെ പല ഭാഗങ്ങളും.