textile

 കൊവിഡിനും ലോക്ക്ഡൗണിനും പിന്നാലെ തിരിച്ചടിയായി അനാവശ്യ ഉദ്യോഗസ്ഥ ഇടപെടലുകളും അശാസ്‌ത്രീയമായ കണ്ടെയ്‌ൻമെന്റ് സോൺ നിർണയവും

തൃശൂർ: കൊവിഡിൽ ഏറ്റവുമധികം പ്രതിസന്ധിയിലായ വസ്‌ത്ര വ്യാപാരമേഖലയ്ക്ക് കൂടുതൽ തിരിച്ചടിയായി ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകളും സർക്കാരിന്റെ അശാസ്‌ത്രീയമായ കണ്ടെയ്‌ൻമെന്റ് സോൺ നിർണയവും. ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ഭീമമായ പിഴ ഈടാക്കുന്ന പ്രവണത ദിനംപ്രതി കൂടുകയാണെന്ന് കേരള ടെക്‌സ‌്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമനും ജനറൽ സെക്രട്ടറി കെ. കൃഷ്‌ണനും പറഞ്ഞു.

മാർച്ച് മുതൽ ഇതുവരെ വസ്‌ത്ര വ്യാപാരമേഖല കുറിച്ചത് നഷ്‌ടക്കണക്ക് മാത്രമാണ്. എല്ലാ ഉത്സവകാല വ്യാപാരവും കൊവിഡിൽ നഷ്‌ടമായി. കടുത്ത നിയന്ത്രണങ്ങൾ മൂലം വിവാഹ സീസണിലെ വില്പനയും ഇല്ലാതായി. പല വസ്‌ത്രവ്യാപാര സ്ഥാപനങ്ങളും പ്രവർത്തനം നിറുത്തി.

സാനിട്ടൈസർ, മാസ്‌ക്, സാമൂഹിക അകലം, അണുവിമുക്തമാക്കൽ എന്നിങ്ങനെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വസ്‌ത്രവ്യാപാര മേഖലയുടെ പ്രവർത്തനം. എന്നിട്ടും ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുകയും ശിക്ഷാനടപടികളെടുക്കുകയുമാണ്. ഇതിന് അറുതിവരുത്താതെ മുന്നോട്ടുപോകാനാവില്ലെന്നും കണ്ടെയ്‌ൻമെന്റ് സോണുഖലുടെ ഘടന പുനഃക്രമീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

രണ്ട് പ്രധാന ആവശ്യങ്ങൾ

നിലവിലെ കണ്ടെയ്‌ൻമെന്റ് സോൺ നിർണയം കൊണ്ട് പൊതുജനത്തിനും വ്യാപാര മേഖലയ്ക്കും ഗുണമില്ലെന്ന് കേരള ടെക്‌സ‌്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, തൃശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റ് ഒക്‌ടോബർ ആറുമുതൽ അടഞ്ഞുകിടപ്പാണ്; പക്ഷേ, രോഗവ്യാപനം കുറഞ്ഞില്ല.

വസ്‌ത്ര വ്യാപാരമേഖലയുടെ ഉണർവിനായി രണ്ടാവശ്യങ്ങളാണ് അസോസിയേഷൻ സർക്കാരിനോട് ഉന്നയിക്കുന്നത്. ഒന്ന്, മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ എന്ന ആശയം നടപ്പാക്കുക. രണ്ട്, അനാവശ്യ ഉദ്യോഗസ്ഥ ഇടപെടലുകൾ അവസാനിപ്പിക്കുക.

''ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കണം. അസോസിയേഷൻ മുന്നോട്ടുവച്ച മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ എന്ന ആശയം നടപ്പാക്കണം. സർക്കാരിന് കൃത്യമായി നികുതി നൽകുകയും ലക്ഷക്കണക്കിനുപേർ തൊഴിലെടുക്കുകയും ചെയ്യുന്ന വസ്‌ത്ര വ്യാപാരമേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ വേറെ മാർഗങ്ങളില്ല""

ടി.എസ്. പട്ടാഭിരാമൻ,

പ്രസിഡന്റ്, കെ.ടി.ജി.ഡി.ബ്ള്യു.എ