typhoon-goni

ഹെയ്തി: ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റിനെ നേരിടുന്നതിനുള്ള ശ്രമങ്ങളിലാണ് ഏഷ്യന്‍ രാജ്യമായ ഫിലിപ്പൈന്‍സ്. രാജ്യത്തിന്റെ ദക്ഷിണഭാഗത്തുള്ള ലൂസോണ്‍ ദ്വീപിന്റെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കാറ്റഗറി അഞ്ചില്‍ പെടുന്ന ഗോണി ലൂസോണ്‍ ദ്വീപിലേക്ക് അടുക്കുകയാണ്. 2013 ല്‍ 6,300 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട ഹയാന്‍ ശേഷം ഫിലിപ്പൈന്‍സില്‍ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഗോണി ചുഴലിക്കാറ്റ് ഞായറാഴ്ച മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.


ഗോണി ചുഴലിക്കാറ്റ്

ഞായറാഴ്ചയോടെയാണ് ഗോണി ചുഴലിക്കാറ്റ് തീരത്ത് തൊടുന്നത്. മണിക്കൂറില്‍ കുറഞ്ഞത് 215 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പരമാവധി 265 കിലോമീറ്റര്‍ വേഗതയിലേക്ക് വരെ ഉയരുവാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.


ശനിയാഴ്ച ശക്തമായ മഴ

പസഫിക് സമുദ്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് നീങ്ങുന്ന ടൈഫൂണ്‍ ഗോണി തലസ്ഥാനത്തും 14 പ്രവിശ്യകളിലും ശനിയാഴ്ച വൈകുന്നേരം ശക്തമായ മഴ പെയ്യിക്കും, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്നാണ് സൂചന. ഇതേത്തുടര്‍ന്ന്, പ്രാദേശിക ഉദ്യോഗസ്ഥര്‍ തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുകയും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ ഇറങ്ങരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.


ഹയാന്‍ ചുഴലിക്കാറ്റ്

2013 നവംബര്‍ മാസത്തിലെ ഒരു വെള്ളിയാഴ്ചയാണ് മദ്ധ്യ ഫിലിപ്പൈന്‍സില്‍ ശക്തമായ കാറ്റ് വീശിയടിച്ചത്, 20 പ്രവിശ്യകളില്‍ കാറ്റ് കനത്ത നാശം വിതച്ചു. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റഗറി അഞ്ചില്‍പെട്ട സൂപ്പര്‍ ടൈഫൂണ്‍ ചുഴലിക്കാറ്റാണ് വീശിയടിച്ചത്. അന്ന് ഹയാന്‍ 6,300ലധികം ആളുകളുടെ ജീവനാണ് കവര്‍ന്നത്. ഇതിനൊപ്പം തീവ്രത പ്രതീക്ഷിക്കാവുന്ന കാറ്റാണ് ഇത്തവണയുണ്ടാകുക എന്നാണ് വിലയിരുത്തലുകള്‍. അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട് വിട്ട് പോകാന്‍ ആല്‍ബെ പ്രവിശ്യാ സര്‍ക്കാര്‍ ഉത്തരവ് നൽകിയെന്ന് പ്രാദേശിക ദുരന്ത ഉദ്യോഗസ്ഥനായ ഗ്രെമില്‍ നാസ് പറഞ്ഞു.


കൊവിഡ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു

ചുഴലിക്കാറ്റ് ഉയര്‍ത്തുന്ന ആശങ്കയ്‌ക്കൊപ്പം തന്നെ അധികൃതരെ വലയ്ക്കുന്ന മറ്റൊന്നാണ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന കൊവിഡ് രോഗബാധ. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടക്കം സാമൂഹിക അകലമോ മറ്റ് മാനദണ്ഡങ്ങളോ എങ്ങനെ പാലിക്കുമെന്നതാണ് ഏറ്റവുമധികം വലയ്ക്കുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇന്തോനേഷ്യക്ക് താഴെയായി ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഫിലിപ്പൈന്‍സ്.