bihar-polls

പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള‌ള ബിജെപിയുടെ പ്രകടന പത്രികയിൽ സൗജന്യ കൊവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌തതിൽ തിരഞ്ഞെടുപ്പ് പെരുമാ‌റ്റചട്ട ലംഘനമില്ലെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പൊതുപ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ പരാതിയെ തുടർന്ന് പുറത്തിറക്കിയ വിശദകരണത്തിലാണ് ചട്ടലംഘനമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയത്. വിവേചനാധികാര ലംഘനമാണെന്നും രാജ്യത്ത് വാക്‌സിൻ പദ്ധതി പോലും പ്രഖ്യാപിക്കാത്ത സമയത്ത് പുറത്തിറക്കിയ വാഗ്‌ദാനം ചട്ടലംഘനമാണെന്നുമായിരുന്നു ഗോഖലെയുടെ വാദം.

ഇലക്ഷൻ കമ്മീഷന്റെ ചട്ടങ്ങൾ അനുസരിച്ച് പ്രകടന പത്രികകളിൽ ഭരണഘടനയെ എതിർക്കുന്നതോ, തെ‌റ്റായ വാഗ്‌ദാനങ്ങൾ നൽകുന്നതോ, ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നതോ ആയ ഒരു കാര്യങ്ങളും പാടില്ലെന്നുമാണ്. ഈ ചട്ടങ്ങളൊന്നും നിലവിലെ വാഗ്‌ദാനം ലംഘിക്കുന്നില്ല.

കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പുറത്തിറക്കിയ പ്രകടനപത്രികയിൽ കൊവിഡ് വാക്‌സിൻ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി എത്തിക്കുമെന്നായിരുന്നു വാഗ്‌ദാനം. തുടർന്ന് കോൺഗ്രസ് ഉൾപ്പടെ പ്രതിപക്ഷ പാർട്ടികൾ ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വാദിച്ചിരുന്നു.

2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ന്യായ് യോജന പ്രകാരം പ്രതിവർഷം 72,000രൂപ വരുമാനം തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിനെതിരായ പരാതിയും ഇതേ കാരണങ്ങളാലാണ് കമ്മീഷൻ തള‌‌ളിക്കളഞ്ഞത്. ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തെ ഒഴിവാക്കാനുള‌ള വ്യവസ്ഥയനുസരിച്ചാണ് അന്നും പരാതികൾ തള‌ളിക്കളഞ്ഞത്.നിലവിലെ വാക്‌സിൻ വാഗ്‌ദാനം ഈ പട്ടികയിലാണ് വരിക.