
വാഷിംഗ്ടൺ: 12 മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്താനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ. അമേരിക്കയിൽ വെള്ളിയാഴ്ച നടന്ന വെർച്വൽ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായതായി കമ്പനി പ്രതിനിധി അറിയിച്ചു.
വൈകാതെ കുട്ടികളിലും പരീക്ഷണം നടത്തും. പക്ഷേ വളരെ ശ്രദ്ധയോടെ മാത്രമേ ആ ഘട്ടത്തിലേക്ക് കടക്കു. കുട്ടികളിൽ പരീക്ഷണം നടത്തുമ്പോൾ സുരക്ഷക്ക് അതീവപ്രാധാന്യം നൽകുമെന്നും പരീക്ഷണത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാളായ ഡോ.ജെറി സാൻഡോഫ് പറഞ്ഞു.
60,000ത്തോളം വളണ്ടിയർമാരിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ചിരുന്നു. ഒരാൾക്ക് ഗുരുതരരോഗം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിർത്തിവച്ചു. വാക്സിൻ പരീക്ഷണം കഴിഞ്ഞായാഴ്ചയാണ് പുനഃരാരംഭിച്ചത്.