
ഷാർജ: കൊവിഡ് കാലത്ത് ഭക്ഷണത്തിന് വഴിമുട്ടിയവർക്കായി കാരുണ്യത്തിന്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ് ഷാർജയിലെ ബിരിയാണി സ്പോട്ട് റെസ്റ്ററന്റ് ഉടമ ശുജാഅത്ത് അലിയും പത്നി ആയിഷയും.
ഓരോ ദിവസവും ഹോട്ടലിൽ ബാക്കിവരുന്ന ഭക്ഷണം ആവശ്യക്കാർക്ക് സൗജന്യമായി നൽകാനായിരുന്നു ഇരുവരുടേയും പദ്ധതി. കൂടുതൽ ഭക്ഷണം ബാക്കി വരാൻ വേണ്ടി മറ്റ് ഹോട്ടലുകൾ അടയ്ക്കുന്നതിന് മുൻപ്, അതായത് രാത്രി 10ന് തന്നെ റസ്റ്ററന്റ് അടയ്ക്കാൻ ഇരുവരും തീരുമാനിച്ചു.
ഇപ്പോൾ സ്ഥിരമായി ഭക്ഷണം വാങ്ങാൻ നിരവധിപ്പേർ എത്തുന്നുണ്ട്. പലരും മടിച്ചാണ് എത്തുന്നത്. തങ്ങളുടെ ഐഡന്റിന്റി വെളിപ്പെടുത്തേണ്ടി വരുമോ എന്ന ഭയവും നാണക്കേടുമാണ് പലർക്കും. എന്നാൽ, ഇക്കാരണത്താൽ ആരും കടയിലേക്ക് വരാൻ മടിക്കേണ്ട. ഭക്ഷണം വാങ്ങാൻ വരുന്നവരോട് എത്ര പേർക്കുള്ള ഭക്ഷണമാണ് വേണ്ടതെന്ന കാര്യമൊഴിച്ചാൽ വേറെയാതൊന്നും കൗണ്ടറിലിരിക്കുന്നവർ തിരക്കാറില്ല. ഒരു മാസത്തിലേറെയായി ബിരിയാണി സ്പോട്ടിൽ സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയിട്ട്.
ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന പലർക്കും സാമ്പത്തിക പ്രശ്നം കാരണം പലപ്പോഴും നല്ല ഭക്ഷണം കഴിക്കാൻ സാധിക്കാറില്ലെന്ന ബോദ്ധ്യമാണ് ഇത്തരമൊരു സംരംഭത്തിലേക്ക് എത്താൻ കാരണമെന്ന് അലി പറയുന്നു. മറ്റൊരു ഹോട്ടലിന്റെ പാർട്ണർ കൂടിയായ അലി നേരത്തേ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതുകൊണ്ടാണ്, സ്വന്തമായി ഹോട്ടൽ ആരംഭിച്ചപ്പോൾ ഇത്തരത്തിലൊരു പദ്ധതി കൂടി നടപ്പിലാക്കിയത്.
എല്ലാ വിഭാഗം ജനങ്ങൾക്കും വലിയ പണച്ചെലവില്ലാതെ ഗുണനിലവാരമുള്ള ഭക്ഷണം നൽകുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. സൗജന്യ ഭക്ഷണ വിതരണത്തിലൂടെ തന്റെ ഹോട്ടലിന് നല്ല പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നും ഒരർത്ഥത്തിൽ അത് കച്ചവടത്തിന് ഗുണകരമാവുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
ചിക്കന് ബിരിയാണിക്ക് എട്ട് ദിർഹവും വലിയ പാകിസ്ഥാൻ പൊറോട്ടയ്ക്കും ചായയ്ക്കും രണ്ട് ദിർഹവുമാണ് ഇവിടെ ഈടാക്കുന്നത്. എന്നു മാത്രമല്ല മൂന്നു നേരത്തെ ഭക്ഷണം ചൂടാറിപ്പോവാത്ത ടിഫിൻ ബോക്സിലാക്കി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്ന ഒരു പദ്ധതിയും ഇവിടെയുണ്ട്. അതിന് ആകെ ഈടാക്കുന്നത് ഒരു മാസത്തേക്ക് 250 ദിർഹമാണ്.