
വെള്ളിത്തിരയിൽ  മലയാളിത്തം  സമ്മാനിച്ച 
നായികവസന്തങ്ങളുടെ ഒ ാർമ്മപുതുക്കി  കേരളപ്പിറവി
മുഖശ്രീ തുളമ്പുന്ന രൂപം.ആരുടെയും മനം മയക്കുന്ന കേശാലങ്കരം.നെറ്റിയിൽ ചന്ദനം. മുടിയിൽ തുളസികതിർ കൂടി ചൂടിയാൽ മലയാളി പെണ്ണ് എന്ന സങ്കല്പം പൂർണമാകും .അന്ന് വെള്ളിത്തിരയിൽ കണ്ട മിക്ക നായികമാർക്കും ഈ മുഖമായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ എത്തിയ ശാലിനി എന്റെ കൂട്ടുകാരിയിൽ കണ്ട ശോഭ മലയാളിത്തം വിളിച്ചറിയിച്ച നായികമാരുടെ ആദ്യ നിരയിൽ ഇടം പിടിച്ചതു പെട്ടെന്ന് ഒാർമ വരും. അതായിരുന്നു അന്ന് മലയാളിയുടെ നായിക സങ്കല്പം. ശാലീന സുന്ദരി എന്നു ശോഭയെ വിശേഷിപ്പിച്ചവർ തന്നെ ജലജയെയും ആ പട്ടികയിൽ ഉൾപ്പെടുത്തി. അതിനു മുൻപേ മലയാളിത്തം വിളിച്ചറിയിച്ചവരാണ് ശാരദയും ഷീലയും വലിയ പൊട്ട് കുത്തിയ ശ്രീവിദ്യയും . കണ്ണുകളിലെ തിളക്കം. നോട്ടത്തിൽ പോലും സൗന്ദര്യം. എല്ലാം മലയാളി നെഞ്ചിലേറ്രി.മലയാളത്തിന്റെ മുഖശ്രീയായി ശ്രീവിദ്യയെ വിശേഷിപ്പിച്ചിരുന്നു.മലയാളി അല്ലാഞ്ഞി ട്ടും നമ്മുടെ പെണ്ണായി കണ്ടു ശാരദയെയും ശ്രീവിദ്യയെയും. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നസീറിനൊപ്പം അഭിനയിച്ചതിന്റെ റെക്കോർഡ് സൃഷ്ടിക്കാൻ ഷീലയ്ക്ക് കഴിഞ്ഞതിനു പിന്നിൽ കഥാപാത്ര രുപീകരണത്തിലെയും തന്നിലെയും മലയാളി ഛായ തന്നെയാണെന്ന് അവർ തന്നെ അനുസ്മരിച്ചിട്ടുണ്ട്. 
വൈകാതെ ലക്ഷമി മലയാളി നായികമുഖമായി. അമ്മയായും കാമുകിയായും മനസിൽ കയറിയിരുന്നു. ഒരുകാലത്ത് ചെറുപ്പക്കാരുടെ സ്വപ്ന നായികയായിരുന്നു ജയഭാരതി. മലയാളിസൗന്ദര്യം നിറഞ്ഞുനിന്നിരുന്ന നായികയായിരുന്നു ജയഭാരതി. സീമയും മറുനാട്ടിൽ നിന്നും എത്തിയ സുമലതയും മലയാളിത്തം വിളിച്ചറിയിച്ചുനിന്നവരാണ്. അംബികയുടെ വരവിലും ചിരപ്രതിഷ്ഠ നേടിയതിലും മലയാളി മുഖഛായ വലിയ പങ്കുവഹിച്ചു. മറുനാട്ടിൽനിന്ന് എത്തിയ ഗീതയിലും മലയാളി സ്വന്തം മുഖം കണ്ടു. കാർത്തികയാണ് പിന്നീട് മലയാള ശോഭ പരത്തിയ പെൺകുട്ടി . ആ സ്നേഹം ഇന്നും മലയാളി കാത്തു സൂക്ഷിക്കുന്നുമുണ്ട്. പിന്നാലെ എത്തിയവരാണ് ശോഭനയും ഉർവശിയും പാർവതിയും . എല്ലാവർക്കും അടുത്ത വീട്ടിലെ പെൺകുട്ടികളുടെ മുഖഛായ.അവരായി പിന്നീട് നമ്മുടെ നായിക മുഖങ്ങൾ, ആരാധന പാത്രങ്ങൾ. മലയാളി സ്ത്രീകൾക്കും പ്രിയനായികമാരായി അവർ വർഷങ്ങൾ തുടർന്നു. കത്തിച്ചുവച്ചൊരു നിലവിളക്കു പോലൊരു പെൺകുട്ടി അതായിരുന്നു മോനിഷ. കൂളിംഗ് ഗ്ളാസ് വച്ച് ഇംഗ്ളീഷ് പാട്ടും ആസ്വദിച്ചു നടന്നപ്പോഴും മലയാളി മനസിൽ അവരുടെ രൂപം മഞ്ഞുപ്പട്ടു പാവാടയും ദാവണിയുമായിരുന്നു. ആ സ്ഥാനത്തേക്ക് പിന്നീട് മഞ്ജു വാര്യർ എത്തി. അതു ഒരു വരവു തന്നെയായിരുന്നു. മലയാളിയുടെ ഹൃദയത്തിൽ അവർ ഇരിപ്പു തുടരുന്നു. ദിവ്യ ഉണ്ണി ,നവ്യ നായർ, സംയുക്ത മേനോൻ, കാവ്യ മാധവൻ, ഭാവന ഇവരും മലയാളിയുടെ നായികമുഖമായി മാറാൻ എത്തി.വർഷങ്ങൾ കഴിഞ്ഞു സിനിമയുടെ മുഖം മാറാൻ തുടങ്ങി. നായികമാരുടെയും. അനു സിതാരയും ആശാ ശരത്തും പുതിയ കാലത്ത് മലയാളിത്തം അറിയിക്കുമ്പോൾ വിരുന്നുകാരായി ശോഭനയും ഉർവശിയും. അപ്പോൾ ഉറപ്പിക്കാം മായില്ല മലയാളനായിക ചന്തം.