
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ നിർണായക സംസ്ഥാനമായ ഫ്ളോറിഡയിൽ റാലികൾ നടത്തി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും.
“ശക്തമായി പ്രവർത്തിക്കൂ, ഫ്ലോറിഡ പിടിക്കാനായാൽ അത് മതിയാകും” -ബൈഡൻ റാലിക്കിടെ പറഞ്ഞു.
യു.എസ് സമ്പദ് വ്യവസ്ഥ 33.1 ശതമാനം വളർച്ചരേഖപ്പെടുത്തിയതായി താംബയിൽ തിരഞ്ഞെടുപ്പുറാലിയെ അഭിമുഖീകരിക്കവേ ട്രംപ് അവകാശപ്പെട്ടു. ആളുകളെ ലോക്ക്ഡൗണിൽ തളച്ചിടുകയാണ് ബൈഡന്റെ ലക്ഷ്യമെന്ന് ഒന്നര മണിക്കൂറിലേറെ നീണ്ട റാലിയിൽ ട്രംപ് ആരോപിച്ചു.
ദേശീയതലത്തിലുള്ള അഭിപ്രായസർവേകൾ ബൈഡന് കൃത്യമായ മുൻതൂക്കം പ്രവചിച്ചെങ്കിലും നിർണായകമായേക്കാവുന്ന സംസ്ഥാനങ്ങളിൽ നേരിയ മുൻതൂക്കംമാത്രമേ ബൈഡനുള്ളൂ. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ ട്രംപിന് വിജയം ഉറപ്പിക്കേണ്ട സംസ്ഥാനമായ ഫ്ളോറിഡയിൽ നിലവിൽ 1.4 പോയിന്റിനുമാത്രമാണ് ബൈഡൻ മുന്നിട്ടുനിൽക്കുന്നതെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്.