modi

ഗാന്ധിനഗർ: പുൽവാമ ഭീകരാക്രമണം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഭരണ നേട്ടമാണെന്ന പാക് മന്ത്രി ഫവാദ് ചൗധരിയുടെ പാർലമെന്റിലെ പ്രസ്താവന, രാജ്യത്തിന് മുന്നിൽ സത്യം വ്യക്തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരാതെ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചെന്ന് മോദി കുറ്റപ്പെടുത്തി.

സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനമായ ദേശീയ ഏകതാ ദിവസ് ആഘോഷത്തിൽ ഗുജറാത്തിലെ സബർമതി നദീതീരത്ത് സീപ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'പുൽവാമ ഭീകരാക്രമണത്തിൽ ജവാന്മാരുടെ ജീവത്യാഗത്തിൽ ചിലർക്ക് ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല. അവർ അപ്പോഴും രാഷ്ട്രീയമാണ് നോക്കിയത്. ദുഷ്പ്രചാരണത്തെ ഹൃദയ വേദനയോടെ കേട്ടിരുന്നു. ഇപ്പോൾ അയൽരാജ്യത്ത് നിന്ന് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നു, അവിടത്തെ പാർലമെന്റിൽ സത്യം വ്യക്തമായി.

എന്നാൽ ചിലരാകട്ടെ, പുൽവാമ ആക്രമണം പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. അത്തരം രാഷ്ട്രീയ പാർട്ടികളോട് ഞാൻ അഭ്യർത്ഥിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി, നമ്മുടെ സുരക്ഷാ സേനയുടെ മനോവീര്യം കണക്കിലെടുത്ത്, ദയവായി അത്തരം രാഷ്ട്രീയക്കളി നടത്തരുത്. നിങ്ങളുടെ സ്വാർത്ഥതയ്ക്കായി, അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ ശക്തികളുടെ കൈകകളായി മാറി - മോദി പറഞ്ഞു.

ഗുജറാത്തിലെ കേവാദിയയിൽ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാ‌ർച്ചന നടത്തി. ഗുജറാത്ത് പൊലീസിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡ് സ്വീകരിച്ചു. പ്രധാനമന്ത്രി ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ പട്ടേൽ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

 ഭീകരതയ്ക്കെതിരെ ലോകം ഒന്നിക്കണം

ലോകത്തെ എല്ലാം രാജ്യങ്ങളും എല്ലാ സർക്കാരുകളും എല്ലാ മതങ്ങളും ഭീകരതയ്‌ക്കെതിരെ ഒന്നിക്കണം. സമാധാനം, സാഹോദര്യം, പരസ്‌പര ബഹുമാനം എന്നിവയാണ് മനുഷ്യരാശിയുടെ യഥാർത്ഥ സ്വത്വം. ഭീകരതയിൽ നിന്നും അക്രമത്തിൽ നിന്നും ആർക്കും പ്രയോജനം ഉണ്ടാവില്ല. ഇന്ത്യ എല്ലായ്‌പ്പോഴും ഭീകരതയ്ക്കെതിരെ പോരാടിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

സീ പ്ളെയിനും ആരോഗ്യ വനവും

ഏകതാ പ്രതിമയുമായി ബന്ധപ്പെട്ട പുതിയ ടൂറിസം പദ്ധതികൾക്കായി ഗുജറാത്ത് സർക്കാർ മാലദ്വീപിൽ നിന്നെത്തിച്ച സീ പ്ളെയിനാണ് മോദി ഉദ്ഘാടനം ചെയ്തത്. സബർമതി തീരത്ത് നിന്ന് ഏകതാ പ്രതിമയുടെ സമീപത്തേക്കും തിരിച്ചും സഞ്ചാരികളെ എത്തിക്കാനാണ് ജലവിമാനം. ഏകതാ പ്രതിമയ്ക്ക് സമീപം 17 ഏക്കറിൽ നിർമ്മിച്ച ആരോഗ്യ വനപദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യവനത്തിൽ 380 ഇനത്തിൽപ്പെട്ട അഞ്ചുലക്ഷത്തോളം സസ്യങ്ങളുണ്ട്.