
ഇതിഹാസ കഥാപാത്രം ജയിംസ് ബോണ്ടിനെ ആദ്യമായി അഭ്രപാളിയിലെത്തിച്ച അതുല്യ നടൻ സർ ഷോൺ കോണറി അന്തരിച്ചു. അദ്ദേഹത്തിന് 90 വയസായിരുന്നു. 1962ലെ 'ഡോക്ടർ. നൊ' എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ബ്രിട്ടീഷ് സ്പൈ ഏജന്റിന്റെ വേഷത്തിൽ ഷോൺ കോണറി ആദ്യമായി ചലച്ചിത്ര ആസ്വാദകർക്ക് മുൻപിലേക്ക് എത്തുന്നത്.
പിന്നീട് 1963ലെ 'ഫ്രം റഷ്യ വിത്ത് ലൗ', '64ലെ 'ഗോൾഡ്ഫിംഗർ', '65ലെ 'തണ്ടർബോൾ', '67ലെ 'യൂ ഒൺലി ലിവ് ട്വൈസ്' എന്നീ ജയിംസ് ബോണ്ട് സിനിമകളിലൂടെ കഥാപാത്രത്തെ ഷോൺ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയർത്തുകയും കഥാപാത്രത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.
1987ൽ ബ്രയാൻ ദെ പാമയുടെ 'അൺടച്ചബിൾസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. കുപ്രസിദ്ധ മാഫിയാ തലവനായ അൽ കപ്പോണിനോട് പോരാടുന്ന സംഘത്തിലെ അംഗമായ, പരുക്കനായ ഒരു ഐറിഷുകാരൻ പൊലീസുകാരന്റെ വേഷമായിരുന്നു ചിത്രത്തിൽ ഷോണിന്.
തന്റെ അഭിനയത്തിന് മൂന്ന് ഗോൾഡൻ ഗ്ലോബുകൾ, രണ്ട് ബാഫ്ത പുരസ്കാരങ്ങൾ എന്നിവയും ഷോൺ കോണറി നേടിയിട്ടുണ്ട്. 2000ത്തിലാണ് ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നും അദ്ദേഹത്തിന് 'സർ' പദവി ലഭിക്കുന്നത്. സ്കോട്ട്ലൻഡിലെ എഡിൻബ്രയിൽ ജനിച്ച നടൻ 1950കളിലാണ് നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.