
എഡിൻബർഗ്: ജയിംസ് ബോണ്ടെന്ന് കേൾക്കുമ്പോൾ തന്നെ മനസിലെത്തുന്ന മുഖം ഷോൺ കോണറിയുടേതാണ്. 
അദ്ദേഹം ഇനിയില്ല എന്ന് വിശ്വസിക്കാൻ ബോണ്ട് ആരാധകർക്ക് ഇനിയുമായിട്ടില്ല. ലിലിക്കാസ് ഇൻ ദ് സ്പ്പിംഗ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം 1962ൽ പുറത്തിങ്ങിയ ഡോക്ടർ നോ എന്ന ചിത്രത്തിലാണ് ആദ്യമായി  ബോണ്ടിനെ അവതരിപ്പിക്കുന്നത്. നെവർ സേ നെവർ എഗെയ്ൻ, ഫ്രം റഷ്യ വിത് ലവ് എന്നിങ്ങനെ ലോകപ്രശസ്തമായ ഏഴ് ബോണ്ട് ചിത്രങ്ങളിൽ ഷോൺ പ്രധാന കഥാപാത്രമായി എത്തി. 
പിന്നീട്, നിരവധി നടന്മാർ ബോണ്ടായി എത്തിയെങ്കിലും ഷോണിനെ വെല്ലാൻ അവർക്കാർക്കും ആയില്ലെന്നതാണ് യാഥാർത്ഥ്യം. ജയിംസ് ബോണ്ട് ചിത്രങ്ങളിൽ നിന്ന് പിന്മാറിയ ശേഷം അഭിനയസാദ്ധ്യതയുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ദ അൺടച്ചബിൾസിലെ അവിസ്മരണയ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാരം 1988ൽ അദ്ദേഹം കരസ്ഥമാക്കി.
 ബാഫ്ത ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്കാരങ്ങളും 2000 ത്തിൽ സർ പദവിയും നേടിയിട്ടുണ്ട്.
ഒട്ടേറെ ആനിമേഷൻ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും അദ്ദേഹം പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി.
മർഡർ ഓൺ ദ് ഒറിയന്റ് എക്സ്പ്രസ്, ദ മാൻ ഹു വുഡ് ബി കിംഗ്, ദ നേം ഒഫ് റോസ് എന്നിങ്ങനെ പ്രശസ്തമായ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2006ൽ സിനിമ മേഖലയിൽ നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2012ൽ പുറത്തിറങ്ങിയ എവർ ടു എക്സൽ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ആഖ്യാതാവായി അദ്ദേഹം എത്തിയിരുന്നു.
ആസ്ട്രേലിയൻ നടിയും കഥാകാരിയുമായ ഡയൻ ക്ലിന്റോയെ വിവാഹം ചെയ്തെങ്കിലും പിന്നീട് വേർപിരിഞ്ഞു. 
ഈ ബന്ധത്തിൽ ജനിച്ച മകനാണ് നടനും സംവിധായകനുമായ ജേസൻ കോണറി. ഷോൺ പിന്നീട് മിഷേലിൻ റോക്യുബ്രൂണിനെ വിവാഹം ചെയ്തു.