
മുംബയ്: നടി ഊർമിള മണ്ഡോത്കറെ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ സംസ്ഥാന നിയമസഭ കൗൺസിലിലേക്ക് ശുപാർശ ചെയ്തേക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ശുപാർശപ്രകാരം സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവർണർ നാമനിർദേശം ചെയ്യുന്ന 12 സ്ഥാനാർത്ഥികളിൽ ഊർമിളയുടെ പേരും ഉൾപ്പെടുമെന്നാണ് വിവരം.
46കാരിയായ ഊർമിള കഴിഞ്ഞ വർഷം കോൺഗ്രസിൽ ചേർന്ന് മുംബയ് നോർത്ത് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടി കോൺഗ്രസിൽ നിന്ന് രാജിവച്ചു. കങ്കണ റണൗട്ട് വിവാദത്തിൽ മഹാരാഷ്ട്ര സർക്കാരിനെ പിന്തുണച്ച് ഊർമിള രംഗത്തെത്തിയിരുന്നു.