
ലോകത്ത് ഇത്രയധികം ആരാധകരുള്ള ഒരു സാങ്കല്പിക കഥാപാത്രം വേറെയില്ല. ' മൈ നെയിം ഈസ് ബോണ്ട്.... ജെയിംസ് ബോണ്ട് ' എന്ന പഞ്ച് ഡയലോഗ് അഭ്രപാളിയിൽ ആദ്യമായി അവതരിപ്പിച്ച പുരുഷ രൂപം. ചടുലമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ, തലയെടുപ്പോടെ തന്റെ ചാരക്കണ്ണുകളുടെ തീക്ഷ്ണതയുമായി ഇയോൺ പ്രൊഡക്ഷൻസിന്റെ ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ആദ്യമായി അനശ്വരനാക്കിയ ഷോൺ കോണറി എന്ന അതുല്യ നടൻ ഇനി ഓർമ.
1962 ൽ ' ഡോ. നോ'യിലൂടെ കോണറി തുടങ്ങിവച്ച ആ കഥാപാത്രം ഇനിയും പല നടന്മാരിലൂടെ ആരാധകർക്ക് മുന്നിലെത്തും. പക്ഷേ, ഷോൺ കോണറിയ്ക്ക് പകരം ഷോൺ കോണറി മാത്രം. ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ഡോ. നോ ടെറൻസ് യംഗ് ആയിരുന്നു സംവിധാനം ചെയ്തത്. സ്കോട്ടിഷ് നടനായ ഷോൺ കോണറിയ്ക്ക് അന്ന് 31 വയസായിരുന്നു പ്രായം. 1950 കളുടെ അവസാനത്തോടെ ബ്രിട്ടീഷ് ചിത്രങ്ങളിൽ സജീവമായിരുന്ന കോണറിയുടെ കരിയർ തന്നെ മാറ്റിമറിച്ചത് ബോണ്ട് വേഷമാണ്.

ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ് ഫിംഗർ (1964), തണ്ടർ ബോൾ (1965), യു ഒൺലി ലീവ് ട്വൈസ് (1967), ഡയമണ്ട്സ് ആർ ഫോറെവർ (1971) എന്നിവയാണ് ഡോ. നോ കൂടാതെ കോണറി ബോണ്ടായി എത്തിയ ചിത്രങ്ങൾ. ആറ് വർഷം കൊണ്ട് അഞ്ച് ബോണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയ കോണറി 1967നു ശേഷം ഇനി ബോണ്ട് വേഷം അവതരിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷം പുറത്തിറങ്ങിയ ബോണ്ട് ചിത്രമായ ഓൺ യുർ മജസ്‌റ്റീസ് സീക്രട്ട് സർവീസിൽ ജോർജ് ലേസെൻബിയായിരുന്നു ബോണ്ട്. എന്നാൽ അതിനുശേഷം പുറത്തിറങ്ങിയ ഡയമണ്ട്സ് ആർ ഫോറെവർ എന്ന ചിത്രത്തിൽ കോണറിയെ തന്നെ വീണ്ടും മടക്കിക്കൊണ്ട് വരേണ്ടി വന്നു.
നീണ്ട ഒത്ത വണ്ണമുള്ള രൂപം. കാഴ്ചയിൽ സുന്ദരൻ. ത്രസിപ്പിക്കുന്ന സംസാരം, തീക്ഷ്‌ണമായ നോട്ടം..... ജെയിംസ് ബോണ്ട് എന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റിനെ അതിന്റെ സൃഷ്ടാവായ ഇയാൻ ഫ്ലെമിംഗ് വർണിച്ചതെങ്ങനെയാണോ അതിന്റെ തനിപ്പകർപ്പായിരുന്നു ബോഡി ബിൽഡർ കൂടിയായിരുന്ന ഷോൺ കോണറി. ഡാനിയൽ ക്രെയ്ഗ് നായകനായെത്തുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ 25ാമത്തെ ചിത്രമായ ' നോ ടൈം ടു ഡൈ ' തിയേറ്ററിൽ റിലീസ് ആകുന്നത് കാത്തുനിൽക്കാതെയാണ് ഷോൺ കോണറി വിടവാങ്ങിയിരിക്കുന്നത്.