
ന്യൂഡൽഹി: ലോക്ക്ഡൗണിലെ ഇളവുകളുടെ പിൻബലത്തിൽ സമ്പദ്‌പ്രവർത്തനങ്ങൾ രാജ്യത്ത് വീണ്ടും സജീവമായതോടെ, വായ്‌പാ വിതരണം ഉഷാറാക്കി ബാങ്കുകൾ. എം.എസ്.എം.ഇ., സേവനം, കാർഷികം, ഉപഭോക്തൃ, വ്യക്തിഗത വായ്‌പകളിൽ മികച്ച വളർച്ച സെപ്‌തംബറിൽ ഉണ്ടായെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വാഹന വിപണി ഉണർവിലെത്തിയതോടെ, വാഹന വായ്‌പാ വിതരണവും മെച്ചപ്പെട്ടു. 2019 സെപ്‌തംബറിനെ അപേക്ഷിച്ച് ഇടത്തരം വ്യവസായ മേഖലയ്ക്കുള്ള വായ്‌പകളിലെ വർദ്ധന 14.5 ശതമാനമാണ്. സൂക്ഷ്‌മ-ചെറുകിട മേഖലാ വായ്‌പകൾ 2.7 ശതമാനം ഉയർന്നു. 8.8 ശതമാനമാണ് വാഹന വായ്‌പകളുടെ വളർച്ച. കാർഷിക വായ്‌പ 5.9 ശതമാനവും ഭക്ഷ്യേതര വായ്‌പ 5.8 ശതമാനവും ഉയർന്നു.
സേവന മേഖലയ്ക്കുള്ള വായ്‌പകൾ 9.1 ശതമാനവും വ്യക്തിഗത വായ്‌പാ വിതരണം 9.2 ശതമാനവും ഉപഭോക്തൃ വായ്‌പകൾ 22.3 ശതമാനവും വളർന്നു. ഭവന വായ്‌പകളിൽ 8.5 ശതമാനം വളർച്ചയുണ്ട്. അതേസമയം, വൻകിട മേഖലകൾക്കുള്ള വായ്‌പകൾ 0.6 ശതമാനവും വിദ്യാഭ്യാസ വായ്‌പകൾ 4.5 ശതമാനവും കുറഞ്ഞു. മുൻഗണനാ വിഭാഗങ്ങൾക്കുള്ള വായ്‌പകൾ 4.5 ശതമാനം മെച്ചപ്പെട്ടു.