mask

തിരുവനന്തപുരം: മാലോകരുടെയെല്ലാം ചിരി മറച്ചു കളഞ്ഞ മാസ്ക്. ഇന്ന് കേരള പിറവി ദിനത്തിൽ ആശംസകൾ കൈമാറുമ്പോൾ പോലും മലയാളിയുടെ ചിരി മറച്ചുകൊണ്ട് മാസ്ക് ഉണ്ടായിരിക്കും.

എത്രനാൾ ഇനിയും മാസ്ക് ധരിക്കേണ്ടി വരും. ഒടുവിൽ കൊവിഡ് മാറിയാലും ഒഴിവാക്കാനാകാത്ത ഭൂഷണമായി മാസ്ക് മാറുമോ?​

കൊവിഡ് ഒന്നും രണ്ടും മൂന്നുമൊക്കെയായി പ്രത്യക്ഷപ്പെട്ടു തുടങ്ങിപ്പോൾ തന്നെ ആരോഗ്യപ്രവർത്തകർ പറഞ്ഞതാണ് മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന്. അപ്പോഴെക്കെ മാസ്കും ധരിച്ച് പുറത്തിറങ്ങുന്നവരെ മറ്റുള്ളവർ വിചിത്ര ജീവിയായിട്ടാണ് കണ്ടത്! ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടോയെന്ന മട്ടിൽ. പിന്നെ ലോക്ക് ഡൗണായി. സർക്കാർ ആദ്യം ഉപദേശിച്ചു മാസ്ക് ധരിക്കണം. എല്ലാം നിയമമാക്കിയാലേ അനുസരിക്കൂ എന്ന മനോഭാവമുള്ള മലയാളികളെ അനുസരിപ്പിക്കാൻ ഏപ്രിൽ 30 ന് സർക്കാർ പറഞ്ഞു 'മാസ്ക് ധരിക്കാതെ കറങ്ങി നടന്നാൽ 200 രൂപ പിഴ,​ പിന്നേയും ആവർത്തിച്ചാൽ 500 രൂപ പിഴ'

വെല്ലുവിളിക്കുന്നത് സർക്കാരിനെയാണോ കൊവിഡിനെയാണോ എന്നറിയാതെ മാസ്ക് രഹിത മുഖവുമായി പുറത്തിറങ്ങിയവരൊക്കെ പിഴ അടച്ചു. അനുസരണക്കേട് കഷ്ടകാലത്തിൽ ഖജനാവ് നിറയ്ക്കുന്നതിന് കാരണമാകുന്നു എന്ന് തിരിച്ചറിഞ്ഞിട്ടോ എന്നറിയില്ല,​ ആഗസ്റ്റ് 12 ആയപ്പോൾ സർക്കാർ കണ്ണുരുട്ടി 'മാസ്ക് ധരിക്കാത്ത കുറ്റം ആവർത്തിച്ചാൽ പിഴ രണ്ടായിരം രൂപ'

മാസ്ക് ആദ്യം മൂന്നു തരമായിരുന്നു . തുണിമാസ്ക്,​ സർജിക്കൽ മാസ്ക്,​ എൻ 95 മാസ്ക്. ആദ്യ ദിവസങ്ങളിൽ മാസ്കിന് കട്ടക്ഷാമം. ഇപ്പോഴത് വൻബിസിനസായി വളർന്നു. മാസ്കിന് പകരം കൈലേസ് കെട്ടിയാലും മതി. തുണി മാസ്ക് ദിവസവും കഴുകി ഉണക്കണം. വീടുകളിലെ അയകളിൽ നിരനിരയായി പലതരം മാസ്കുകൾ കാറ്റത്ത് ആടിക്കളിച്ചു. ആയുർവേദ മാസ്ക്,​ ഖാദി മാസ്ക്,​ വിവിധ പെർഫ്യൂമുകൾ മണക്കുന്ന മാസ്ക്...അങ്ങനെ എന്തെല്ലാം അവതരിച്ചു.

ഹെൽമറ്റ് വച്ചില്ലെങ്കിൽ പൊലീസ് പെറ്റിയടിക്കുമെന്ന് കരുതി ഹെൽമെറ്റ് പോലിരിക്കുന്ന എന്തെങ്കിലും ശിരസിലണിഞ്ഞ് പോയ കാലമുണ്ടായിരുന്നു മലയാളികൾക്ക്. മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ ശേഷം ചിലരുടെ മാസ്ക് ധരിക്കൽ കണ്ടാൽ മാസ്ക് ഉണ്ടോയെന്ന് സംശയമാണ്. അത് ധരിച്ചിട്ട് വല്ല പ്രയോജനം ഉണ്ടോ എന്നു സാക്ഷാൽ കൊവിഡിനോട് തന്നെ ചോദിക്കണം.

ശീലങ്ങളൊക്കെ മാസ്ക് മാറ്റിയതിന്റെ വിമ്മിഷ്ടം മലയാളികൾക്ക് മാറിയിട്ടില്ല. മുക്കിലൊന്ന് ചൊറിയാൻ പറ്റില്ല,​ വിശാലമായിട്ടൊന്നു തുമ്മാൻ പറ്റില്ല,​ മൂക്ക് ചീറ്റി കഴിഞ്ഞാൽ അവശിഷ്ടം മാസ്കിൽ പുരളും അതിന്റെ നാറ്റവും കൂടി മാസ്കിനൊപ്പം പേറേണ്ടി വരും.

സ്ഥിരം മറക്കുന്ന വസ്തുക്കളുടെ കൂട്ടത്തിൽ മാസ്ക് കൂടി വന്നു ചേർന്നു. കണ്ണാടി,​ കുട,​ പഴ്സ്,​ ഗുളിക,​ മൊബൈൽ ഒക്കെ എടുക്കാൻ മറക്കുന്നതു പോലെ മാസ്ക് എടുക്കാനും മറക്കുന്നു. ഓഫീസിൽപോകാൻ ധൃതിപ്പെട്ട് വണ്ടി ഓടിച്ച് കുറച്ചു ദൂരം പോകുമ്പോഴായിരിക്കും മാസ്ക് എടുത്തില്ലെന്ന് ഓർക്കുന്നത്. പിന്നെ നേരെ വീട്ടിലേക്ക് പോവുകയേ നിവർത്തിയുള്ളൂ.

മാസ്കിലുമുണ്ട് പൊങ്ങച്ചം.'ഇത് നൈക്കിയുടെ മാസ്കാണ് 999 രൂപ'. സാരിക്കും ഷർട്ടിനും മാച്ച് ചെയ്യുന്ന മാസ്കുകൾ. വധൂവരന്മാർക്കുള്ള വെഡ്ഡിംഗ് സ്പെഷ്യൽ മാസ്ക്,​ ആരാധനാലയങ്ങളിൽ പോകുമ്പോൾ പ്രത്യേക മാസ്ക്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിഹ്നമുള്ള മാസ്കുകൾ അങ്ങനെ എന്തെല്ലാം.

രണ്ടെണ്ണം അടിച്ചിട്ട് വണ്ടിയിൽ പോകുന്നവനും മാസ്ക് മസ്റ്റായി വച്ചിരിക്കും. പൊലീസ് എന്തായാലും മാസ്ക് ഊരി ഊതിക്കില്ലല്ലോ. പക്ഷേ,​ ആളെ തിരിച്ചറിയാൻ മാസ്ക് മാറ്റിയേ പറ്റൂ. പരസ്പരം കുശലാന്വേഷണം നടത്തുന്നതിനു മുമ്പ് 'അയ്യോ മാസ്ക് വച്ചിരുന്നതുകൊണ്ട് ആളെ മനസിലായില്ല കേട്ടോ' എന്ന ഡയലോഗ് സ്ഥിരമായി മാറിയിട്ടുണ്ട്.