alavudheen

മീററ്റ്: 'അലാവുദ്ദീന്റെ അദ്ഭുതവിളക്ക്' ഡോക്ടർക്ക് നൽകി 31 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. അറബിക്കഥകളിലെ പ്രശസ്തമായ അലാവുദ്ദീന്റെ അദ്ഭുതവിളക്കാണെന്ന പേരിൽ സ്വർണനിറമുള്ള വിളക്ക് നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. അദ്ഭുതവിളക്കിന് പുറത്ത് തിരുമ്മിയാൽ എതാഗ്രഹവും സാധിച്ചു തരുന്ന ജിന്ന് പ്രത്യക്ഷപ്പെടുന്നതായാണ് കഥയിൽ. ഡോക്ടറെ വിശ്വസിപ്പിക്കാൻ ഒരു 'ജിന്നിനെ' വരെ ഇവർ സെറ്റാക്കിയിരുന്നു.

ഒക്ടോബർ 25നാണ് ഡോ. എൽ.എ. ഖാൻ തട്ടിപ്പിനിരയായതായി പ്രാദേശിക പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് ഇക്രാമുദ്ദീൻ, അനീസ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരുടെയും അമ്മയെന്നവകാശപ്പെട്ട ഒരു സ്ത്രീയെ ചികിത്സിക്കുന്നതിനായി ഡോക്ടറെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയതു വഴിയുള്ള പരിചയമാണ് പിന്നീട് തട്ടിപ്പിലേക്കെത്തിയത്.

ചികിത്സയുടെ ഭാഗമായി വീട്ടിലെത്തിയിരുന്ന ഡോക്ടറോട് അദ്ഭുതസിദ്ധികളുള്ള ബാബയെകുറിച്ച് സ്ഥിരമായി ഇവർ പറയാനാരംഭിച്ചു. ബാബയെ കാണാനും ഡോക്ടറെ നിർബന്ധിച്ചു. ഒടുവിൽ ഡോക്ടർ ബാബയെ സന്ദർശിച്ചു. പിന്നീട് ഇവർ ഡോക്ടടറുടെ മുമ്പിൽ വിളക്കുമായെത്തി. ഒന്നരക്കോടി രൂപയാണ് ഇവർ അദ്ഭുതവിളക്കിന് പ്രതിഫലമായി ആവശ്യപ്പെട്ടത്. അവസാനം 31 ലക്ഷം രൂപയ്ക്ക് വിളക്ക് നൽകാമെന്ന് ഇവർ സമ്മതിച്ചു.

ഒരു തവണ അലാവുദ്ദീനെ കണ്ടതായും ഡോക്ടർ പറഞ്ഞു. അറസ്റ്റിലായവരിൽ ഒരാൾ തന്നെയാണ് അലാവുദ്ദീനായി വേഷമിട്ട് തന്റെ മുന്നിലെത്തിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും ഡോക്ടർ കൂട്ടിച്ചേർത്തു. ഈ സംഘം മറ്റു പല വീടുകളിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഘത്തിലെ ഒരു സ്ത്രീ കൂടി പിടിയിലാകാനുണ്ട്.